
കോഴിക്കോട്: സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരാമർശം നടത്തുന്ന മുഖ്യമന്ത്രി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ കേട്ടത് കുറ്റവാളികളുടെ ദീനരോധനമാണ്. കേസ് അട്ടിമറിക്കാൻ മേയുന്നത് കേരളത്തിലെ ഏജൻസികളാണ്. കേന്ദ്ര ഏജൻസികളെ തിരിച്ച് വിളിക്കാൻ പോകുന്നത് അപഹാസ്യകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ജയിലിൽ പോയി സ്വപ്നയെ ചോദ്യം ചെയ്ത് അനുകൂല മൊഴി ഉണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇന്ത്യയിൽ ഏറ്റവും വലിയ കൊള്ള നടത്തിയ മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ. സി എം രവീന്ദ്രനെ മുഖ്യമന്ത്രി പൂർണമായും പിന്തുണക്കുകയാണ്. രവീന്ദ്രന് ഭയമില്ലങ്കിൽ ആരോഗ്യ വകുപ്പിനെ കൂട്ട് പിടിച്ച് നാടകം കളിക്കുന്നത് എന്തിനാണ്. അന്വേഷണ ഏജൻസിയെ പിൻവലിക്കാൻ പിണറായിയുടെ കത്ത് കാത്തിരിക്കുകയല്ല പ്രധാനമന്ത്രി.
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിൻ്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട് കാലി മമ്മൂഞ്ഞാണ് പിണറായി വിജയൻ.
ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസ് കൂട്ടുകെട്ട് കോൺഗ്രസിനെ നശിപ്പിക്കും. ഭീകരവാദികളുടെ ആലയിലാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam