സ്വർണക്കടത്ത് കേസ്; അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് പിണറായി മറുപടി പറയണമെന്ന് കെ സുരേന്ദ്രന്‍

By Web TeamFirst Published Mar 8, 2021, 3:22 PM IST
Highlights

ബിജെപി സാധ്യതാ പട്ടിക വ്യാഴാഴ്ച കേന്ദ്ര നേതൃത്വത്തിന് കൈമാറുമെന്നും കെ സുരേന്ദ്രന്‍. ഘടക കക്ഷി ചർച്ച പൂർത്തിയായിട്ടില്ലെന്നും 11 ന് ഔദ്യോഗിക യോഗം ചേർന്ന് പട്ടിക കേന്ദ്രത്തിന് കൈമാറുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് പിണറായി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയിൽ കൂടിയാണ് അമിത് ഷായുടെ ചോദ്യങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സുരേഷിന് എന്തിന് അവസരം നല്‍കി, പിണറായി വിജയനൊപ്പം സ്വപ്ന വിദേശത്ത് പോയിട്ടുണ്ടോ എന്നിങ്ങനെയുള്ള ഗൗരവകരമായ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചിരിക്കുന്നത്. ഇതിന് കാങ്കാണി വർത്തമാനം പോരാ. മുഖ്യമന്ത്രി വ്യക്തമായി മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ബിജെപി സാധ്യതാ പട്ടിക വ്യാഴാഴ്ച കേന്ദ്ര നേതൃത്വത്തിന് കൈമാറുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഘടക കക്ഷി ചർച്ച പൂർത്തിയായിട്ടില്ലെന്നും 11 ന് ഔദ്യോഗിക യോഗം ചേർന്ന് പട്ടിക കേന്ദ്രത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മികച്ച സ്ഥാനാർഥി പട്ടിക ആയിരിക്കും ബിജെപിയുടേതെന്നും ഈ ശ്രീധരന്റെ റോൾ എന്താണെന്ന് വ്യക്തമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സി കെ ജാനുവിനെ പോലുള്ളവർ വന്നത് മുന്നണിയെ ശക്തിപ്പെടുത്തും. പ്രമുഖ നേതാക്കൾ മത്സരിക്കണം എന്നതാണ് സംസ്ഥാന ഘടകത്തിന്റെ ആഗ്രഹമെന്നും വി മുരളീധരൻ മത്സരിക്കുന്നത് സംബന്ധിച്ച് പിന്നീട് അറിയിക്കാമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

click me!