
ദില്ലി: മണ്ഡൽകമ്മീഷൻ റിപ്പോർട്ട് ഉൾപ്പടെ സംവരണ കേസുകളിലെ വിധി സുപ്രീം കോടതി പുനപരിശോധിച്ചേക്കും. പിന്നാക്ക സംവരണത്തിനുള്ള അധികാരം 50 ശതമാനം പരിധി എന്നിവയിൽ നിലപാട് അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. മാർച്ച് പതിനഞ്ചിന് വിശദമായ വാദം കേട്ട ശേഷം വിപുലമായ ഭരണഘടന ബഞ്ച് രൂപീകരിക്കുന്നത് ആലോചിക്കും.
മഹാരാഷ്ട്ര സർക്കാർ മറാത്ത സംവരണം പ്രഖ്യാപിച്ചെതിനെതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായുള്ള ബഞ്ചിൻ്റെ ഉത്തരവ്. രണ്ടായിരത്തി പതിനെട്ടിൽ നൂറ്റി രണ്ടാം ഭരണഘടന ഭേദഗതിയിലൂടെ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രം ഭരണഘടന പദവി നല്കിയിരുന്നു. ഈ സാഹചര്യത്തിൽ പിന്നാക്ക സംവരണത്തിനുള്ള അധികാരം കേന്ദ്രത്തിന് മാത്രമായമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു. എന്നാൽ ഭരണഘടനയുടെ പതിനഞ്ച് പതിനാറ് അനുച്ഛേദങ്ങൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിലുള്ള കടന്നു കയറ്റമാണ് 102 ആം ഭരണഘടന ഭേദഗതിയെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി മുകുൾ റോത്തഗി വാദിച്ചു. ഫെഡറൽ തത്വഘങ്ങളുടെ ലംഘനമായതു കൊണ്ട് എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് കേൾക്കണം എന്ന വാദത്തെ അറ്റോർണി ജനറൽ എതിർത്തില്ല.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 27 ശതമാനം പിന്നാക്ക സംവരണം ഏർപ്പെടുത്തിയതിന് എതിരെയുള്ള ഇന്ദിരാ സാഹ്നി കേസിൽ 1992 ലായിരുന്നു സുപ്രീംകോടതി വിധി. സംവരണം അസാധാരണ സാഹചര്യങ്ങളിലൊഴികെ 50 ശതമാനം കടക്കാൻ പാടില്ലെന്ന് സുപ്രീകോടതി നിർദ്ദേശിച്ചിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രവും ഇത് മറികടക്കുകയാണ്. അതിനാൽ ഈ വിധിയും പുനപരിശോധിക്കേണ്ടതുണ്ടോ എന്ന് ഇതിനൊപ്പം സുപ്രീംകോടതി പരിഗണിക്കും. മണ്ഡൽകമ്മീഷൻ വിധി 9 അംഗ ഭരണഘടന ബഞ്ചിൻറേതായിരുന്നു. പുനപരിശോധന ആവശ്യമെങ്കിൽ 11 അംഗ ബഞ്ച് രൂപീകരിക്കേണ്ടി വരും. നിലവിൽ സാമ്പത്തിക സംവരണത്തിന് എതിരെ ഉൾപ്പടെ കോടതിയുടെ പരിഗണനയിലുള്ള കേസുകളും ഈ ബഞ്ചിന് വിടേണ്ടതുണ്ടോ എന്നും ആലോചിക്കും. ഫലത്തിൽ സംവരണ തത്വങ്ങളിൽ വിശദമായി വാദം കേൾക്കലിലേക്കും ആലോചനയിലേക്കുമാണ് സുപ്രീം കോടതി കടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam