പ്രവാസിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ജയരാജനും എംവി ഗോവിന്ദനും തമ്മിലുള്ള പക: കെ സുരേന്ദ്രന്‍

By Web TeamFirst Published Jun 20, 2019, 2:33 PM IST
Highlights

'കേരളത്തിൽ ആരും മുതൽ മുടക്കാൻ തയ്യാറാവാത്തത് സിപിഎമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോക കേരളസഭയും നടത്തിയതുകൊണ്ടായില്ല, ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല' കെ സുരേന്ദ്രൻ

കണ്ണൂർ: കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ആത്മഹത്യയ്ക്ക് ഉത്തരവാദി ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി കെ ശ്യാമളയും ഭർത്താവ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വ്യവസായം തുടങ്ങാൻ വരുന്നവരെ കുത്തുപാളയെടുപ്പിച്ചേ സിപിഎം അടങ്ങുകയുള്ളുവെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മരിച്ച സാജനോട് ശ്യാമള ടീച്ചർക്കുള്ള വിരോധത്തിന് കാരണം എം വി ഗോവിന്ദനും പി ജയരാജനും തമ്മിലുള്ള കുടിപ്പകയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ ആരും മുതൽ മുടക്കാൻ തയ്യാറാവാത്തത് സിപിഎമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോക കേരളസഭയും നടത്തിയതുകൊണ്ടായില്ല, ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എം വി ഗോവിന്ദനും ഭാര്യയും സാജനെ പരമാവധി ദ്രോഹിച്ചുവെന്നും ഗോവിന്ദന്‍റെ ഭാര്യ ചെയർപേഴ്സണായുള്ള നഗരസഭ പ്രതികാര നടപടി എടുത്തത് കൊണ്ട് മാത്രമാണ് സാജൻ ജീവനൊടുക്കിയതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലും പറഞ്ഞു. ആന്തൂരിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും  കേരളത്തിൽ ബിസിനസ് ചെയ്യാൻ ആളുകൾ ഭയക്കുന്ന അവസ്ഥയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് കൊല്ലത്ത സമാന സംഭവമുണ്ടായെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

"മരണത്തിന്‍റെ ധാർമിക ഉത്തരവാദിത്വം എം വി ഗോവിന്ദനും ഭാര്യയുമാണ്. ഈ സംഭവത്തിൽ എന്തായിരുന്നു തന്‍റെ പങ്കെന്ന് പി ജയരാജനും പറയണം. സംരംഭകർക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച ആൾ മുഖ്യ മന്ത്രിയായിരിക്കുന്ന കേരളത്തിലാണിത് സംഭവിച്ചിരിക്കുന്നത്. പി ജയരാജൻ നടത്തിയിരുന്ന പാലിയേറ്റീവ് കെയർ സ്ഥാപനത്തിന് അകമഴിഞ്ഞ് സഹായിച്ച ആളാണ് മരിച്ച സാജൻ എന്നത് ജയരാജനെങ്കിലും ഓർക്കണം" സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കേരളം മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്. ഇടതു കൂലി എഴുത്തുകാരും സൈബർ കമ്മികളും ഇതിനെയാണ് നമ്പർ 1 എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. സാജൻ ഒരു ഒറ്റപ്പെട്ട രക്തസാക്ഷിയല്ല. ഇങ്ങനെ പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. ജീവിതത്തിന്‍റെ നല്ലകാലം മുഴുവൻ അന്യരാജ്യത്തു പോയി കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം എന്തെങ്കിലും ഒരു വ്യവസായം തുടങ്ങി പത്തുപേർക്കു തൊഴിലുകൊടുക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ അതു പൂട്ടിച്ച് അയാളെ കുത്തുപാളയെടുപ്പിച്ചേ സിപിഎമ്മുകാർ അടങ്ങൂ. അതിനുവേണ്ടി എന്തു വൃത്തികേടും അവർ കാണിക്കും. പിടിച്ചുനിൽക്കണമെങ്കിൽ നാട്ടിലെ പാർട്ടിക്കാരെ മുഴുവൻ തീറ്റിപ്പോറ്റണം.

പോരാത്തതിന് പ്രദേശത്തെ മുഴുവൻ സാമൂഹ്യവിരുദ്ധർക്കും അവിടെ ജോലി കൊടുക്കണം. സാജന്‍റെ കാര്യത്തിൽ ആ പാവം കരുതിയത് പി ജയരാജനാണ് കണ്ണൂരിലെ പാർട്ടിയെ മുഴുവൻ നിയന്ത്രിക്കുന്നതെന്നാണ്. ജയരാജനും അദ്ദേഹത്തിന്‍റെ ഉൾപ്പോക്കറ്റ് സ്ഥാപനത്തിനും ആവുന്നത്ര ഈ മനുഷ്യൻ സഹായിച്ചിട്ടുണ്ട് എന്നാണ് സാജനോടടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. എം വി ഗോവിന്ദനും ഭാര്യയും ഇക്കാരണത്താൽ സാജനെ പരമാവധി ദ്രോഹിച്ചു. ഗോവിന്ദന്‍റെ ഭാര്യ ചെയർ പേഴ്സണായുള്ള നഗരസഭ പ്രതികാരനടപടി എടുത്തതുകൊണ്ടു മാത്രമാണ് സാജൻ ജീവനൊടുക്കിയത്.

ആന്തൂർ നഗരസഭ എന്നു പറഞ്ഞാൽ മൽസരിക്കാൻ പോലും മറ്റുള്ളവരെ അനുവദിക്കാത്ത പ്രദേശമാണ്. ആത്മഹത്യാ പ്രേരണയ്ക്ക് ഗോവിന്ദന്‍റെയും ഭാര്യയുടേയുംപേരിൽ കേസ്സെടുക്കണം. കേരളത്തിൽ ആരും മുതൽ മുടക്കാൻ തയ്യാറാവാത്തത് സിപിഎമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോകകേരളസഭയും നടത്തിയതുകൊണ്ടായില്ല ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല.

click me!