ആന്തൂരിലെ പ്രവാസി സംരംഭകന്‍റെ ആത്മഹത്യ ; നഗരസഭാ ഉദ്യോഗസ്ഥരോട്‌ പൊട്ടിത്തെറിച്ച്‌ മന്ത്രി

By Web TeamFirst Published Jun 20, 2019, 2:23 PM IST
Highlights

നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നെന്ന്‌ പറഞ്ഞാണ്‌ മന്ത്രി ദേഷ്യപ്പെട്ടത്‌.

തിരുവനന്തപുരം: പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്‌ഥരോട്‌ പൊട്ടിത്തെറിച്ച്‌ വ്യവസായ മന്ത്രി എ സി മൊയ്‌തീന്‍. വ്യവസായിയുടെ കണ്‍വന്‍ഷന്‍ സെന്ററിന്‌ പ്രവര്‍ത്തനാനുമതി നല്‍കാന്‍ വൈകിയതില്‍ നഗരസഭയുടെ ഭാഗത്ത്‌ നിന്ന്‌ വീഴ്‌ച്ചയുണ്ടായിട്ടില്ലെന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോഴാണ്‌ മന്ത്രി പൊട്ടിത്തെറിച്ചത്‌.

ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ മന്ത്രി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. നഗരസഭാ സെക്രട്ടറി, ഓവര്‍സിയര്‍, മുന്‍സിപ്പല്‍ എഞ്ചിനിയര്‍ എന്നിവരാണ്‌ തിരുവനന്തപുരത്തെത്തി മന്ത്രിയെ കണ്ടത്‌. ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും സംഘം എത്തിച്ചിരുന്നു.



ചെറിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നെന്ന്‌ പറഞ്ഞാണ്‌ മന്ത്രി ദേഷ്യപ്പെട്ടത്‌. പ്രവര്‍ത്തനാനുമതി നിഷേധിച്ചുള്ള ഫയല്‍ തിരുത്താന്‍ അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ തയ്യാറായപ്പോള്‍ തടസ്സം നിന്നത്‌ നഗരസഭ സെക്രട്ടറിയാണ്‌. ബാലിശമായ കാരണങ്ങള്‍ എഴുതി ഫയല്‍ വൈകിപ്പിക്കാന്‍ സെക്രട്ടറി ശ്രമിക്കുകയായിരുന്നെന്ന്‌ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

തുടര്‍ന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. ഓഡിറ്റോറിയം സംബന്ധിച്ച ഫയല്‍ വൈകിപ്പിക്കാന്‍ സെക്രട്ടറിയെ ഉപദേശിച്ചത്‌ ആരാണെന്ന്‌ കണ്ടെത്തണം. ഒരാഴ്‌ച്ചയ്‌ക്കകം അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ടൗണ്‍ പ്ലാനിംഗ്‌ വിജിലന്‍സിന്‌ നിര്‍ദേശം നല്‍കാനും ആ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്‌.

"

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട്‌ ദിവസം മുമ്പ്‌ ആത്മഹത്യ ചെയ്‌തത്‌.നൈജീരിയയില്‍  ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍  കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു..

click me!