
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും എം.എം. ഹസ്സനുമുള്‍പ്പെടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തെ കുറിച്ച് അറിയാമെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡിനെ കുറിച്ചുള്ള പരാതിയില്‍ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ മൊഴി കൊടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള, കര്‍ണാടക നേതാക്കള്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തില്‍ പങ്കുണ്ട്. മലയാളിയും കര്‍ണാടക കോണ്‍ഗ്രസിലെ ഉന്നത നേതാവുമായ എന്‍.എ. ആരിഫിന്‍റെ മകനും കർണാടകയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്‍റുമായ ഹാരിസ് ആലപ്പാടനും ചേര്‍ന്നാണ് വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയത്. കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഷാഫി പറമ്പിലും പോയിരുന്നു. അതിനുശേഷം ഇരുവരും ചേര്‍ന്നാണ് കേരളത്തിലും വ്യാജ തിരച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചത്. കര്‍ണാട നിയമസഭ തിരഞ്ഞെടുപ്പിലും ഇത് ചെയ്തിട്ടുണ്ടോയെന്ന് സംശയമുണ്ട്. രാഹുല്‍ഗാന്ധിക്കും കെ.സി. വേണുഗോപാലിനും ഇതെല്ലാം അറിയാം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ഇതുമായി ബന്ധമുണ്ട്. എഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുത്ത എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും ഇതിനെക്കുറിച്ച് അറിയാം. എം.എം. ഹസന്‍ എല്ലാ ജില്ലാ യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
കേസ് അന്വേഷണത്തിന് കേരള പൊലീസിന് പരിമിതിയുണ്ടെങ്കില്‍ മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുന്നതിനുള്ള സാധ്യതകള്‍ തേടുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ആപ്പ് സംബന്ധിച്ച രേഖകള്‍, വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങി വിലപ്പെട്ട തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിനെയും അദ്ദേഹം സന്ദര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam