'പരനിന്ദ നടത്തിയേ പാദസേവ പാടുള്ളൂ എന്നത് നിങ്ങടെ നിഘണ്ടുവിലുള്ളതാണോ'?ജയറാം രമേശിനെതിരെ കെ സുരേന്ദ്രന്‍

By Web TeamFirst Published Jan 26, 2023, 11:32 AM IST
Highlights

നെഹ്റുകുടുംബത്തെ പതിറ്റാണ്ടുകളോളം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച,എല്ലാറ്റിനും മൂകസാക്ഷിയായ ശ്രീ. എ. കെ. ആന്‍റണിയെ  ഇങ്ങനെ ആക്ഷേപിക്കേണ്ടിയിരുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പരമാധികാരത്തിന്‍മേലുള്ള വെല്ലുവിളിയാണെന്ന പരാമര്‍ശം വിവാദയതിനെ തുടര്‍ന്ന് , പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞെങ്കിലും അനില്‍ ആന്‍റണിക്കെതിരെ കോണ്‍ഗ്രസ് അണികളുടേയും നേതാക്കളുടേയും വിമര്‍ശനം തുടരുകയാണ്. കേരളത്തിലെ രണ്ട് കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളെ താരതമ്യം ചെയ്ത് ജയറാം രമേശ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി.ഒരു സംസ്ഥാനത്തെ രണ്ട് മുഖ്യമന്ത്രിമാരുടെ മക്കള്‍.  ഭാരതത്തെ ഒന്നിപ്പിക്കാനായി നഗ്നപാദനായി ഒരാള്‍  യാത്രക്കൊപ്പം നീങ്ങുമ്പോള്‍ മറ്റൊരാള്‍ക്ക് പാര്‍ട്ടിയോടോ യാത്രയോടോ ഒരു കൂറുമില്ലെന്നായിരുന്നു ജയറാം രമേശിന്‍റെ ട്വീറ്റ്.നെഹ്റുകുടുംബത്തെ പതിറ്റാണ്ടുകളോളം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച എല്ലാറ്റിനും മൂകസാക്ഷിയായ ശ്രീ. എ. കെ. ആന്റണിയെ ഇങ്ങനെ ആക്ഷേപിക്കേണ്ടിയിരുന്നില്ല എന്നായിരുന്നു കെ സുരേന്ദരന്‍റെ പ്രതികരണം. പരനിന്ദ നടത്തിയേ പാദസേവ പാടുള്ളൂ എന്നത് നിങ്ങടെ നിഘണ്ടുവിലുള്ളതാണോയെന്നും അദ്ദേഹം ചോദിച്ചു

ന്യൂനപക്ഷങ്ങൾ അനർഹമായത്‌ നേടുന്നു എന്ന് തുറന്ന് പറഞ്ഞ എകെ ആന്‍റണിയെ  മുസ്‌ലിം ലീഗും കോൺഗ്രസ്സിലെ ലീഗ് മനസ്ഥിതിയുള്ളവരും ചേർന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഇറക്കി വിട്ടു . ഇന്ന് മകൻ അനിൽ ആന്‍റണിയെ സത്യം പറഞ്ഞതിന്‍റെ  പേരിൽ വേട്ടയാടുന്നതും അതേ ലോബിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ പറഞ്ഞു.ബിബിസി ഡോക്യുമെന്‍ററി ചർച്ച ആയാൽ ബിജെപിക്ക് രാഷ്ട്രീയമായി ഒരു നഷ്ടവും സംഭവിക്കില്ല .നഷ്ടം കോൺഗ്രസ്സിനായിരിക്കും . അതിന്‍റെ  ആദ്യ ലക്ഷണമാണ് അനിൽ ആന്‍റണിയുടെ രാജിയെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

'ശിങ്കിടികളുടെ കൂട്ടമാണ് കോണ്‍ഗ്രസ്'; അനില്‍ ആന്‍റണിയെ പിന്തുണച്ച് ബിജെപി

click me!