
തിരുവനന്തപുരം: മട്ടന്നൂർ എം എൽ എ കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. ശൈലജയുടെ ആത്മകഥ മാത്രമല്ല, പിജയരാജന്‍റെ ആത്മകഥയും പഠിപ്പിക്കണം, എന്തൊരു ഗതികേടാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു. കെ കെ ശൈലജയുടെ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന ആത്മകഥയാണ് സിലബസിൽ ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ സിലബസ് പ്രസിദ്ധീകരിക്കും മുൻപ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമെന്ന് കോൺഗ്രസ്സ് അനുകൂല അധ്യാപക സംഘടന കുറ്റപ്പെടുത്തി. ആത്മകഥ നിർബന്ധിത പഠന വിഷയമല്ലെന്ന് കരിക്കുലം കമ്മിറ്റി കൺവീനർ വിശദീകരിച്ചു. പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ തോന്ന്യവാസം കാണിക്കുന്നുവെന്നും അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ശൈലജ ടീച്ചറുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതെന്നും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സർവ്വകലാശാല രാഷ്ട്രീയ അജണ്ടയോടെയാണ് ഈ ആത്മകഥ ഉൾപ്പെടുത്തിയത്.കണ്ണൂർ സർവ്വകലാശാലയെ കമ്മ്യൂണിസ്റ്റ് വത്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. സിലബസ് രൂപീകരിച്ച അഡ്ഹോക്ക് കമ്മറ്റിയിലെ മുഴുവൻ അംഗങ്ങളും ഇടതുപക്ഷക്കാരാണ്. പിജി ക്ലാസ് എടുത്തു പോലും പരിചയമില്ലാത്ത ആളുകളാണ് അഡ്ഹോക്ക് കമ്മിറ്റിയിലുള്ളത്. ഇംഗ്ളീഷിൽ അല്ല ഇക്കോണോമിക്‌സിലാണ് ശൈലജ ടീച്ചറുടെ പാഠങ്ങൾ ഉൾപ്പെടുത്തേണ്ടത്. അങ്ങനെ എങ്കിൽ 500 രൂപയുടെ പിപിഇ കിറ്റുകൾ കൂടുതൽ തുക കൊടുത്തു വാങ്ങി, എങ്ങനെ പണം തട്ടിക്കാം എന്നു പഠിക്കാം. പരാതിയുമായി കെ എസ് യു ചാൻസലറെ സമീപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam