ജലീലിന്‍റെ പണി കിറ്റ് വാങ്ങൽ; സ്പീക്കർ സഭയുടെ അന്തസ് കളഞ്ഞു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത്തല

By Web TeamFirst Published Jul 15, 2020, 12:43 PM IST
Highlights

കൊവിഡ് വിവരങ്ങൾ അറിയാനാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ആളുകൾ കാണുന്നത്. ആ സഹാചര്യം ഉപയോഗിച്ച് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കളിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

തിരുവനന്തപുരം: ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന് നിലവിൽ വിഷയബാഹുല്യമാണുള്ളതെന്ന് പറഞ്ഞ ചെന്നിത്തല, സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെയും കെടി ജലീലിനെതിരെയും ആഞ്ഞടിച്ചു. 

കെ ടി ജലീലിന്റെ പണി കിറ്റ് വാങ്ങലാണെന്ന് ചെന്നിത്തല പരിഹസിച്ചു. സ്പീക്കറെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണൻ സഭയുടെ അന്തസ് കളഞ്ഞുവെന്നും ആക്ഷേപിച്ചു. സഭയുടെ അന്തസ് കളഞ്ഞ സ്പീക്കറെ ഉടൻ മാറ്റണമെന്ന് പ്രമേയം നൽകും.

കൊവിഡ് വിവരങ്ങൾ അറിയാനാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ആളുകൾ കാണുന്നത്. ആ സഹാചര്യം ഉപയോഗിച്ച് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കളിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ശിവശങ്കറിനെ സസ്പെന്റ് ചെയ്യാനുള്ള എന്ത് തെളിവാണ് ഇനിയും വേണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. 

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി ഫെലോയാണ് പ്രതികൾക്ക് റൂം ബുക്ക് ചെയ്ത് കൊടുത്തതെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല. പ്രതികളുമായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് ദീർഘകാലത്തെ ബന്ധമുണ്ടെന്നും ആരോപിച്ചു. വൈകുന്നേരത്തെ മുഖ്യമന്ത്രിയു‍ടെ വാർത്താ സമ്മേളനത്തെ ഓൺലൈൻ ക്ലാസെന്ന് വിളിച്ച ചെന്നിത്തല ഇത് വഴി പ്രതിപക്ഷത്തെ കളിയാക്കുകയാണെന്നും ആരോപിച്ചു. 

സിബിഐ അന്വേഷണത്തിന് വെല്ലുവിളിക്കുന്നു

സ്പ്രിംക്ലര്‍ കേസിൽ പ്രഖ്യാപിച്ച അന്വേഷണം എവിടെ എത്തിയെന്നും ചെന്നിത്തല ചോദിച്ചു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ചോദ്യം ചെയ്യൽ നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലെന്നും ആ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളതെന്നും ചെന്നിത്തല പരിഹസിച്ചു. 

ബെവ്കോ ആപ്പ്, മണൽ കടത്ത് കേസിൽ വിജിലൻസ് കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. അനധികൃത നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണം ചെന്നിത്തല ആവർത്തിച്ചു. 

ഇന്‍റലിജൻസ് എ‍ഡിജിപിയോടെ മുഖ്യമന്ത്രി വിവരങ്ങൾ തേടിയിരുന്നോ എന്നും, വിമാനത്താവളങ്ങളുടെ സുരക്ഷയെക്കുറിച്ച് എത്ര യോഗങ്ങൾ മുഖ്യമന്ത്രി നടത്തിയിരുന്നോ എന്ന് വിശദീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. 

click me!