കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നത് പകൽക്കിനാവല്ല, എൽഡിഎഫ്-യുഡിഎഫ് സുധാകര-ഗോവിന്ദ മുന്നണിയായി: സുരേന്ദ്രൻ

By Web TeamFirst Published Mar 27, 2023, 6:24 PM IST
Highlights

ഇടത് - വലത് മുന്നണികൾ ഒറ്റക്കെട്ടാകാൻ വയനാടിന്‍റെ മുൻ പ്രധാനമന്ത്രി കാരണക്കാരനായി എന്നും സുരേന്ദ്രൻ പരിഹസിച്ചു

തിരുവനന്തപുരം: ഇടത് വലതുമുന്നണികളെ രൂക്ഷമായി വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. രാഹുൽ ഗാന്ധി വിഷയം മുതലെടുത്ത് ഇടത് വലത് മുന്നണികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. എൽ ഡി എഫും യു ഡി എഫും സുധാകര - ഗോവിന്ദ മുന്നണിയായി മാറി. ഒരമ്മ പെറ്റ മക്കളെ പോലെയാണ് കേരളത്തിൽ എൽ ഡി എഫും യു ഡി എഫുമെന്നും വിമർശിച്ച സുരേന്ദ്രൻ രണ്ടു മുന്നണികളും ഒരു മുന്നണിയായി മാറുന്നതാണ് കേരളത്തിൽ കാണുന്നതെന്നും അഭിപ്രായപ്പെട്ടു. കേരളത്തിലും എൻ ഡി എയ്ക്ക് അധികാരത്തിൽ വരാൻ കഴിയും എന്നത് പകൽക്കിനാവല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലും ബി ജെ പി അധികാരത്തിൽ വരും. ഇവിടുത്തെ മുന്നണികൾ സയാമീസ് ഇരട്ടകളെ പോലെയായി. അഴിമതിക്കാരുടെ സംഗമമാണ് കേരളത്തിൽ കാണുന്നത്. 100% ക്രിസ്ത്യാനികൾ ഉള്ള നാഗാലാൻഡിൽ എൻ ഡി എയ്ക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞു. അങ്ങനെയെങ്കിൽ കേരളത്തിലും അധികാരത്തിലേറാൻ ബി ജെ പി മുന്നണിക്ക് സാധിക്കും. ഇടത് - വലത് മുന്നണികൾ ഒറ്റക്കെട്ടാകാൻ വയനാടിന്‍റെ മുൻ പ്രധാനമന്ത്രി കാരണക്കാരനായി എന്നും സുരേന്ദ്രൻ പരിഹസിച്ചു. സംസ്ഥാന സർക്കാരിന്‍റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എന്ന പേരിൽ എൻ ഡി എ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലായിരുന്നു ബി ജെ പി അധ്യക്ഷന്‍റെ പരിഹാസം.

'മരണം വരെ കമ്യൂണിസ്റ്റായിരിക്കും', അച്ഛന്‍റെ പാത പിന്തുടർന്ന ഇന്നസെന്‍റ്; ചാലക്കുടി ഹൃദയത്തിലൂടെ പാർലമെന്‍റിൽ

അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ  അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻ ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യവെ, പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞെന്ന് വ്യക്തമാക്കി. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻ ഡി എക്ക് വിശ്രമമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

click me!