എസ്‍ഡിപിഐക്കാർ സിപിഎമ്മിലുണ്ട്, പിണറായി പുറത്താക്കണം: കെ സുരേന്ദ്രന്‍

By Web TeamFirst Published Feb 3, 2020, 4:18 PM IST
Highlights

ഡിവൈഎഫ്ഐയും എസ്എഫ്ഐയും തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഏജൻസികളായി മാറിയിരിക്കുകയാണ്. വർഗീയകലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നിൽ ഇത്തരക്കാരാണെന്നും കെ സുരേന്ദ്രന്‍.

തിരുവനന്തപുരം: സ്വന്തം പാർട്ടിയിൽ നുഴഞ്ഞുകയറിയിട്ടുള്ള എസ്‍ഡിപിഐക്കാരെ പുറത്താക്കുകയാണ് പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംസ്ഥാനത്തുടനീളം ഇത്തരം തീവ്രവാദികൾ സിപിഎമ്മിൽ വിവിധ ചുമതലകൾ വഹിക്കുന്നുണ്ട്. അലനും താഹയും ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരം ആയിരക്കണക്കിന് ആളുകൾ പാർട്ടിയിലുണ്ട്.

ഡിവൈഎഫ്ഐയും എസ്എഫ്ഐയും തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഏജൻസികളായി മാറിയിരിക്കുകയാണ്. വർഗീയകലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നിൽ ഇത്തരക്കാരാണ്. വാചകമടിയല്ല നടപടിയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നേരത്തെ, പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ച് വിട്ടാൽ വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞിരുന്നു.

മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എസ്‍ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരിൽ തീവ്രവാദ സംഘങ്ങൾ കാര്യങ്ങൾ വഴി തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷ നിരയിൽ വലിയ ബഹളത്തിനും ഇടയാക്കി. എസ്‍ഡിപിഐക്ക് എതിരെ പറയുമ്പോൾ എന്തിനാണ് പ്രതിപക്ഷം ബഹളം വക്കുന്നതെന്നായിരുന്നു പിണറായി വിജയന്‍റെ ചോദ്യം. എസ്‍ഡിപിഎയുമായി സഖ്യമുണ്ടാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. എസ്‍ഡിപിഐയെ പിന്തുണക്കേണ്ട കാര്യം കോൺഗ്രസിനോ യൂഡിഎഫിനോ ഇല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

click me!