
കോഴിക്കോട്: ബംഗാളിലും ബീഹാറിലും നിലവിലുള്ള കോൺഗ്രസ്- ഇടതുപക്ഷ സഖ്യം രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നേറ്റം തടയാൻ സംസ്ഥാനത്ത് സി.പി.എം-കോൺഗ്രസ് ധാരണ ഉണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാംവാർഷികത്തിൽ അവർ എവിടെയെത്തിയെന്ന് യെച്ചൂരി ആത്മപരിശോധന നടത്തണം. കോൺഗ്രസുമായി കൂട്ടുകൂടുമെന്ന പ്രസ്താവന മാത്രം രാജ്യത്തെ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നൂറാം വർഷത്തെ അവസ്ഥ മനസിക്കാൻ. കാശ്മീരിൽ മതമൗലികവാദികളുമായി പരസ്യസഖ്യത്തിലേർപ്പെട്ട ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ഏത് അഴിമതിക്കാരുമായും കൂട്ടുകൂടുകയാണ്.
പാലാരിവട്ടം പാലത്തിൻ്റെ അഴിമതി കേസ് അട്ടിമറിക്കാനുള്ള നീക്കം കേരളത്തിലെ ഭാവി സഖ്യത്തിനുള്ള അടിത്തറയാണ്. കൊല്ലത്ത് ഐ.എൻ.ടി.യു.സി നേതാവിനെതിരായ 500 കോടിയുടെ അഴിമതിക്കേസിൽ സി.ബി.ഐയുടെ പ്രോസിക്യൂഷൻ നടപടിയെ സർക്കാർ എതിർത്തതും ഇതിൻറെ ഭാഗമായാണ്. സ്വർണ്ണക്കള്ളക്കടത്തിലും ലൈഫ് തട്ടിപ്പിലും യു.ഡി.എഫ് സമരം ദുർബലമാക്കിയാണ് സി.പി.എമ്മിന് പ്രത്യുപകാരം ചെയ്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam