'ഭ്രഷ്ടും ഫത്വയുമൊക്കെ താലിബാൻ രീതി'; കടകളടച്ചതിനെതിരെ കെ സുരേന്ദ്രന്‍

By Web TeamFirst Published Jan 14, 2020, 10:35 PM IST
Highlights

കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ലെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ബിജെപിയുടെ വിശദീകരണ യോഗത്തിന് മുമ്പായി കടകളടച്ച് നാട്ടുകാര്‍ പോയതിനെതിരെ കെ സുരേന്ദ്രന്‍. കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ലെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുന്നു. ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടർ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാൻ പാടില്ലെന്നാണോ? അതോ കേട്ടാൽ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്? ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്. അതീനാട്ടിൽ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യും. എല്ലാ തെരുവുകളിലും.കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയില്‍ ബിജെപി വിശദീകരണ യോഗത്തിന് മുമ്പായി വ്യാപാരികള്‍ കടകള്‍ അടച്ച് പോയിരുന്നു.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പാണ് വ്യാപാരികള്‍ കടകള്‍ അടച്ചത്. തുടര്‍ന്ന് വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രവ‍ര്‍ത്തകര്‍ കൊടിയുമേന്തി  പ്രകടനവും നടത്തി. 'ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്" എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.

പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റ്യാടി പൊലീസ് കേസെടുത്തിരിക്കുന്നത്.

click me!