സ്വപ്നയുമായി ബന്ധം: മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ

By Web TeamFirst Published Sep 15, 2020, 1:00 PM IST
Highlights

ന്യായീകരിച്ച് ന്യായീകരിച്ച് മുഖ്യമന്ത്രി അപഹാസ്യനാകുന്നു എന്ന് കെ സുരേന്ദ്രൻ. ജലീലിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയെന്നത് കള്ള വാർത്തയെന്നും കെ സുരേന്ദ്രൻ

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലേക്ക് യുഎഇയെ വലിച്ചിഴക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നയതന്ത്രബാഗിൽ സ്വർണം കടത്താൻ യുഎഇ കൂട്ടുനിന്നെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. കള്ളക്കടത്തിനെ മതപരമായ പ്രശ്നമാക്കി മാറ്റാനാണ് ജലീലിന്റെയും  സിപിഎമ്മിന്റെയും ശ്രമം. ഖുറാൻ കൊണ്ടുവരുന്നതിന് ആരും എതിരല്ല, പക്ഷേ ഇതിന്റെ മറവിൽ കള്ളക്കടത്തിനാണ് നീക്കം നടക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

എല്ലാറ്റിനേയും ന്യീയികരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത്. മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീനിൽ ആയിരുന്നില്ലെന്ന പിണറായിയുടെ വാദം തെറ്റാണ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ തുക ജയരാജന്‍റെ മകൻ കൈപ്പറ്റി എന്ന് ആരോപണം ശക്തമായിരിക്കെയാണ് മന്ത്രിയുടെ ഭാര്യ ക്വാറന്‍റീൻ ലംഘിച്ച് ബാങ്കിലേക്ക് എത്തി ലോക്കര്‍ തുറന്നത്. കൊവിഡ് പൊസിറ്റീവായ മന്ത്രിയെ പരിചരിക്കുന്നത് താനാണെന്ന് പറയുമ്പോൾ തന്നെയാണ് ക്വാറന്‍റീനിൽ കഴിയേണ്ട മന്ത്രിഭാര്യ തിടുക്കപ്പെട്ട് ബാങ്കിലേക്ക് എത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

ന്യായീകരിച്ച് ന്യായീകരിച്ച് പിണറായി വിജയൻ പരിഹാസ്യനാകുകയാണ്. ജലീലിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയെന്നത് കള്ള വാർത്തയെന്നും കെ സുരേന്ദ്രൻ  പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം, മുഖ്യമന്ത്രിയുടെ മകളും സ്വപ്നയും നിരവധി വട്ടം ചർച്ച നടത്തിയെന്ന ആക്ഷേപവും  കെ.സുരേന്ദ്രൻ ഉന്നയിച്ചു. 

click me!