
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകൾ സിപിഎം നേതാക്കളുടെ അറിവോടെയാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെസിഎയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ഇടപെടലുകൾ ദൂരൂഹമാണ്. ബിനീഷിനും സംഘത്തിനും ക്രിക്കറ്റ് അസോസിയേഷൻ പിടിച്ചെടുക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി. കെ സി എ യിൽ നടക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പാണ്. ബിനീഷിനെ കെ സി എ യുടെ ഭാഗമാക്കാൻ ബിനാമി സംഘങ്ങൾ ഇടപെടൽ നടത്തിയെന്നും അടിയന്തരമായി ബിനീഷിനെ പുറത്താക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പട്ട ഹവാല ഇടപാടുകൾ അന്വേഷിക്കണം. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ കാർ വരെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു. അനധികൃതമായി സമ്പാദിച്ച പണം ബിനീഷ് ചലച്ചിത്ര മേഖലയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ചില സിനിമാ നിര്‍മ്മാതാക്കളുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിണറായിയും കോടിയേരിയുമാണ് പാർട്ടിയെ കേന്ദ്ര തലത്തിൽ തീറ്റി പോറ്റുന്നത്. അതുകൊണ്ടാണ് എന്ത് സംഭവിച്ചാലും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനെതിരെ പറയാത്തത്. എം ശിവശങ്കറിന് കിട്ടിയതിലെ പങ്കിൽ ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന് ആണ്. ഒരു ഫോൺ മാത്രം എവിടെ പോയെന്ന് ഇതുവരെ കണ്ടെത്താത്തത് എന്തുകൊണ്ടാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam