
തിരുവനന്തപുരം:ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന് തീവെച്ചത് 12 ദിവസം കൊണ്ട് കെടുത്തിയത് സർക്കാരിന്‍റെ വലിയ നേട്ടമാണെന്ന രീതിയിലുള്ള മന്ത്രിമാരുടെ പരാമർശങ്ങൾ ഇരകളായ കൊച്ചിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ വെച്ച് അഴിമതി നടത്തുകയായിരുന്നു കോർപ്പറേഷനും സംസ്ഥാന സർക്കാരും ചെയ്തത്. ഇതിന് കൂട്ടുനിൽക്കുകയാണ് കൊച്ചി കോർപ്പറേഷനിലെയും സംസ്ഥാനത്തെയും പ്രതിപക്ഷമായ യുഡിഎഫ് ചെയ്തത്. ബ്രഹ്മപുരം സംഭവത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമായിരുന്നു. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും നോക്കുകുത്തിയായിരുന്നു. കേരള മോഡലിന്‍റെ പരാജയമാണ് കൊച്ചിയിൽ കണ്ടത്.
മുഖ്യമന്ത്രിയുടെ മൗനം സംശയാസ്പദമാണ്. കേരളത്തിലെ നഗരങ്ങളിലെ മാലിന്യ നിർമാർജ്ജനം സോൻഡ കമ്പനിക്ക് നൽകിയത് എന്ത് ഡീലിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബ്രഹ്മപുരത്തെ ദുരന്തത്തിന് കാരണക്കാരായ വിവാദ കമ്പനിയുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി വിദേശത്ത് ചർച്ച നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കൊച്ചിയിൽ പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠിക്കാൻ സർക്കാർ തയ്യാറാവണം. ജനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ സഹായങ്ങൾ ചെയ്യണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ സഹായം തേടാൻ സംസ്ഥാനം ഇനിയും മടി കാണിക്കരുതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam