ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നു: കെ സുരേന്ദ്രൻ

By Web TeamFirst Published Sep 4, 2020, 6:55 PM IST
Highlights

സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ സിപിഎം സംസ്ഥാന വ്യാപകമായി ആസൂത്രിതമായി അക്രമമുണ്ടാക്കാൻ ശ്രമിക്കുകയാണ്.  കതിരൂരിലെ ബോംബ് നിർമ്മാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാൻ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ 

തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ സിപിഎം സംസ്ഥാന വ്യാപകമായി ആസൂത്രിതമായി അക്രമമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.  

സിപിഎം ശക്തികേന്ദ്രമായ കതിരൂരിൽ വലിയ തോതിൽ ബോംബ് നിർമ്മാണം നടത്തി കണ്ണൂർ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ വീടുകളുടെ ചുമരുകളിൽ പ്രത്യേക അടയാളമിട്ടിരുന്നത് ഇതിന്‍റെ ഭാഗമായിട്ടാണെന്ന് വേണം സംശയിക്കാനെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാൻ സിപിഎം ശ്രമിക്കാറുണ്ട്. കതിരൂരിലെ ബോംബ് നിർമ്മാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാൻ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. ടിപി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷിന് കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കതിരൂർ പൊന്ന്യത്ത് ബോംബ് നിർമ്മിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. ഇയാളുടെ രണ്ട് കൈപ്പത്തികളും ഇന്നുണ്ടായ സ്ഫോടനത്തില്‍ അറ്റുപോയിട്ടുണ്ട്. 

click me!