
കൊച്ചി: സ്പ്രിംക്ലർ കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡേറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും കൂടാതെ സ്‍പ്രിംക്ലറുമായുള്ള കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
അതേസമയം സ്പ്രിംക്ലർ കരാറിൽ നിലപാട് വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങൾ സ്പ്രിംക്ളർ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോർച്ച ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. കരാർ ലംഘനമുണ്ടായാൽ കമ്പനിക്കെതിരെ ന്യൂയോർക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ തീരുമാനമാണ് സ്പ്രിംക്ളറുമായുണ്ടാക്കിയ കരാർ എന്നാണ് സർക്കാർ കോടതിയെ അറിയിക്കുക. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. സർക്കാർ മേഖലയിൽ വിവര ശേഖരണത്തിന് നിരവധി ഐടി കമ്പനികളുണ്ടെങ്കിലും മാസ് ഡേറ്റ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംക്ളറിന്‍റെ തെരഞ്ഞെടുപ്പ്. സർക്കാർ കമ്പനികൾ ഇത്തരം ഡേറ്റാ അനാലിസിസ് സോഫ്‍റ്റ്‍വെയര്‍ സജ്ജമാക്കാൻ മാസങ്ങൾ എടുത്തേക്കും.
കൊവിഡ് പടരുന്ന സാഹചര്യത്തിൽ അതിന് കാത്ത് നിൽകാൻ കഴിയുമായിരുന്നില്ല. സാങ്കേതികമായി അടക്കം എല്ലാതരത്തിലും ഇങ്ങനെ സജ്ജമായതിനാലാണ് കേരളം ലോകത്തിന് മുന്നിൽ നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്ന് 41 ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത് . ഇതിൽ രണ്ട് ചോദ്യങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. പക്ഷെ ഈ വിവരങ്ങൾ ശേഖരിക്കാതെ ഡാറ്റാ അനാലിസിസ് സാധ്യമാകില്ലെന്നും സർക്കാർ വ്യക്തമാക്കും.
വിവര ചോർച്ച തടയാനുള്ള ക്രമീകരണങ്ങളും സർക്കാർ നടത്തിയിട്ടുണ്ട്. കരാറിൽ ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശനങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാൻ സർക്കാർ തന്നെ മൂന്നംഗ സമിതിയെ നിശ്ചയിച്ചതായും ഒരു മാസത്തിനകം സമിതി റിപ്പോർട്ട് നൽകുമെന്നും കോടതിയെ അറിയിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam