'മൂത്ത മോദി വിരോധി മമതയുടെ ബംഗാളില്‍ നടപ്പാകും, പിന്നയല്ലേ കേരളം'; പിണറായി വിജയനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

By Web TeamFirst Published Dec 12, 2019, 11:24 PM IST
Highlights

ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്- സുരേന്ദ്രന്‍

കോഴിക്കോട്: തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നെ ഈ നിയമം കേരളത്തിൽ വലിയതോതിൽ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്ളാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാർത്ഥികൾ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?- സുരേന്ദ്രന്‍ ചോദിക്കുന്നു.

പൗരത്വ ഭേഗദതി ബില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കരിനിയമമാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. പൗരത്വ ഭേദഗതി നിയമം ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി.  പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 

click me!