
കൊച്ചി: പാലാരിവട്ടത്ത് യുവാവിന്‍റെ മരണത്തിന് ഇടയാക്കിയ കുഴിയടയ്ക്കുന്നതിനും റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമുള്ള ജോലികള്‍ ഇന്ന് രാത്രിയില്‍ തന്നെ ആരംഭിക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. നഗരത്തിലെ വാഹന തിരക്ക് കുറഞ്ഞ ശേഷം ആണ് പണി ആരംഭിക്കുക. പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു.
അപകടമുണ്ടായതു മുതല്‍ റോഡിന്‍റെ അറ്റകുറ്റപ്പണിയെച്ചൊല്ലി ജല അതോറിറ്റിയും പിഡബ്ല്യുഡിയും തമ്മില്‍ തര്‍ക്കമായിരുന്നു. അപകടത്തിന്‍റെ ഉത്തരവാദിത്തം പിഡബ്ല്യുഡിക്കാണെന്ന് ജല അതോറിറ്റി ആരോപിച്ചു. പിന്നാലെ, ഇത് നിഷേധിച്ച് പിഡബ്ല്യുഡി രംഗത്തെത്തി.
പൈപ്പിലെ ചോർച്ച മാറ്റാനുള്ള അറ്റകുറ്റപ്പണിക്കായി സെപ്റ്റംബർ 18 ന് പിഡബ്ല്യുഡിയിൽ അപേക്ഷ നൽകിയെന്നാണ് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞത്. പിന്നീട് പല തവണ ഫോണിൽ വിളിച്ചിട്ടും റോഡ് കുഴിക്കാൻ പിഡബ്ല്യുഡി അനുമതി നൽകിയില്ല. ഇതാണ് ചോർച്ച കൂടാനും കുഴി വലുതാകാനും കാരണമെന്നാണ് ജല അതോറിറ്റി ആരോപിച്ചത്.
എന്നാല്‍, സെപ്റ്റംബറിൽ റോഡ് കുഴിക്കാൻ അനുമതി നൽകാത്തത് മഴക്കാലം ആയിരുന്നതിനാലാണെന്നാണ് പിഡബ്ല്യുഡിയുടെ വിശദീകരണം. ചോർച്ച കൂടിയത് കണ്ടപ്പോൾ പൈപ്പ് ഉടൻ നന്നാക്കണമെന്ന് ഫോണിൽ വിളിച്ച് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും പിഡബ്ല്യുഡി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam