മനുഷ്യശൃംഖല ആവര്‍ത്തന വിരസതയെന്ന് കെ സുരേന്ദ്രന്‍റെ പരിഹാസം; ഉരുളയ്ക്കുപ്പേരി പോലെ കമന്‍റുകളും

By Web TeamFirst Published Jan 26, 2020, 9:09 PM IST
Highlights

 ഈ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേയെന്നും, എന്താണ് ഈ ചവിട്ടുനാടകം കൊണ്ട് നേടിയതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ഇടതുമുന്നണി നടത്തിയ മനുഷ്യശൃംഖലയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. എപ്പോഴും ഇത്തരം കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയണമെന്നും ആവര്‍ത്തന വിരസതയുണ്ടാക്കുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. ഈ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേയെന്നും, എന്താണ് ഈ ചവിട്ടുനാടകം കൊണ്ട് നേടിയതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. അതേസമയം തെരഞ്ഞെടുപ്പ് തോല്‍വികളില്‍ ആവര്‍ത്തനവിരസത തോന്നുന്നില്ലേയെന്ന കമന്‍റുകളുമായി നിരവധിപേര്‍ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.

സുരേന്ദ്രന്‍റെ കുറിപ്പ്

ആവർത്തനവിരസത എന്നൊന്നുണ്ട്. എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ. നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്ക്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണ് സഖാക്കളേ? ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവർ നിങ്ങളെ വിശ്വസിക്കുമോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങൾക്കുണ്ട്? മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത്. ബംഗാളിൽ ഒരുശതമാനം പോലും മുസ്ളീം പിന്തുണ നിങ്ങൾക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല. അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ നിങ്ങൾക്കംഗീകരിക്കേണ്ടിവരികതന്നെ ചെയ്യും. അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാർട്ടിയെ കാത്തിരിക്കുന്നത്.

 

അതേസമയം സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള കാസര്‍കോട് ആദ്യ കണ്ണിയും സിപിഎം പിബി അംഗം എം എ ബേബി അവസാനകണ്ണിയുമായ എല്‍ ഡി എഫ് മനുഷ്യ മഹാശൃംഖലയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു ദൃശ്യമായത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് മനുഷ്യ മഹാശൃംഖല തീര്‍ത്തത്.പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എംവി ഗോവിന്ദൻ, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധികളും അണിനിരന്നു. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ത്തത്.

click me!