'മതഭീകരവാദികളില്‍ നിന്നും രക്ഷിക്കാന്‍ ആളുകള്‍ സ്വയം മുന്നോട്ടു വരുകയാണ്' ; കെ സുരേന്ദ്രന്‍

By Web TeamFirst Published May 31, 2022, 12:24 PM IST
Highlights

ഈ പ്രകടനത്തിനെതിരെ കഴിഞ്ഞ ദിവസം കേരള പൊലീസ് ആയുധ നിയമം പ്രകാരം അടക്കം കേസ് എടുത്തിരുന്നു. 

കൊച്ചി: നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗവാഹിനിയുടെ വാളേന്തി പ്രകടനത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ രംഗത്ത്. നെയ്യാറ്റിന്‍കരയിലെ പ്രകടനം സ്ത്രീകളുടെ പ്രകീത്മകമായ പ്രകടനമാണ്. എന്നാല്‍ മതഭീകരവാദികളില്‍  നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും  രക്ഷിക്കാന്‍ ആളുകള്‍  സ്വമേധയാ മുന്നോട്ട് വരികയാണ്. കാരണം സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കുന്നില്ല. നെയ്യാറ്റിന്‍കരയിലെ  വാളേന്തിയ സംഭവം അതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. ഈ പ്രകടനത്തിനെതിരെ കഴിഞ്ഞ ദിവസം കേരള പൊലീസ് ആയുധ നിയമം പ്രകാരം അടക്കം കേസ് എടുത്തിരുന്നു. 

തൃക്കാക്കരയിൽ എല്‍ഡിഎഫിനും എതിരായ വികാരം ജനങ്ങൾ പ്രകടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടു.എന്‍ഡിഎയ്ക്ക് അനുകൂല സാഹചര്യമാണുള്ളത്. മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്‍റെ സമീപനത്തിനെതിരെ ജനം വിധിയെഴുതും തൃക്കാക്കരയില്‍ ബിജെപിക്ക് അനുകൂലമായി അടിയൊഴുക്ക് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം നെയ്യാറ്റിന്‍കരയില്‍ വാളുമായി വി.എച്.പി  വനിതാ വിഭാഗം പ്രകടനം പെണ്‍കുട്ടികൾക്ക് പോലീസ് സുരക്ഷ നൽകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. ഇതിൽ പ്രകടനം നടത്തിയവരെ അല്ല, സർക്കാരിനെയാണ് കുറ്റപ്പെടുത്താൻ കഴിയുക എന്നാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്.

തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ 'ദുർഗാവാഹിനി' പ്രവർത്തകർക്കെതിരെ കഴിഞ്ഞദിവസമാണ് കേസ് എടുത്തത്. വിഎച്ച്പിയുടെ പഠനശിബിരത്തിന്‍റെ ഭാഗമായാണ് മെയ് 22-ന് പെൺകുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടികളടക്കം ചേർന്ന് വാളുമേന്തി 'ദുർഗാവാഹിനി' റാലി നടത്തുകയായിരുന്നു.

ആയുധനിയമപ്രകാരവും, സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്.

സമൂഹമാധ്യമങ്ങളിൽ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു. ഇതിനെതിരെ എസ്‍ഡിപിഐ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് എന്നും പൊലീസ് വ്യക്തമാക്കുന്നു. 

click me!