കോന്നി വിജയ പ്രതീക്ഷയിൽ എൻഡിഎയും; കെ സുരേന്ദ്രൻ സ്ഥാനാർത്ഥി ആകാനുള്ള സാധ്യത ഏറുന്നു

By Web TeamFirst Published Sep 29, 2019, 6:44 AM IST
Highlights

മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കെ സുരേന്ദ്രന്‍ തന്നെ കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്നാണ് സൂചന

പത്തനംതിട്ട: കോന്നിയിൽ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി ആകാനുള്ള സാധ്യത ഏറി. ഇടത്, വലത് സ്ഥാനാർത്ഥി ചിത്രം വ്യക്തമായതോടെ, സുരേന്ദ്രൻ വന്നാൽ ജയസാധ്യത ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കോന്നിയിൽ ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് എൻഡിഎ ഘടകകക്ഷി നേതാവ് പി സി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ പാർലമെന്‍റ് തെര‌ഞ്ഞെടുപ്പിൽ കോന്നി പാർലമെന്‍റ് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തി.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ കഴി‌ഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരിലൊരാളെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. കോൺഗ്രസ്സിലെ പടലപ്പിണക്കം വോട്ടാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ത്രികോണ മത്സര സാധ്യത എൻഡിഎ തള്ളി കളയുന്നില്ല. ശബരിമല സ്ത്രീപ്രവേശനം പ്രചാരണ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. കേന്ദ്ര സർക്കാരിന്‍റെഭരണ നേട്ടങ്ങളും സജീവ ചർച്ചയാക്കി വോട്ട് വിഹിതം കൂട്ടാമെന്നും എൻഡിഎ പ്രതീക്ഷിക്കുന്നു. അതേസമയം എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസ് മനസ്സ് തുറന്നിട്ടില്ല. മണ്ഡലത്തിലെ ഭൂരിപക്ഷമുള്ള എസ്എൻഡിപി വോട്ടുകളിലും ബിജെപി കണ്ണ് വെക്കുന്നുണ്ട്. 


 

click me!