കൊടകര കേസ്: സുരേന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല, ബിജെപി സംസ്ഥാന ഭാരവാഹി യോഗം കാസര്‍കോട്ട്

By Web TeamFirst Published Jul 6, 2021, 1:58 AM IST
Highlights

കൊടകര കുഴല്‍പ്പണ കേസില്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം സുരേന്ദ്രന്‍റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ബിജെപി സംസ്ഥാന നേതൃയോഗമുള്ളതിനാല്‍ ഹാജരാകന്‍ സാധിച്ചേക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

കാസര്‍ഗോട്: കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസും മറ്റ് വിവാദങ്ങളും നിലനിൽക്കെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കാസർകോട്ട് ചേരും. തെരഞ്ഞെടുപ്പ് അവലോകനം നേരത്തെ പൂർത്തിയാക്കിയതിനാൽ വിവിധ വിഷയങ്ങളിൽ പാർട്ടി സംസ്ഥാനത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, പാർട്ടി അധ്യക്ഷൻ തന്നെ പ്രതിസ്ഥാനത്ത്‌ നിൽക്കുന്ന കേസുകളും തെരഞ്ഞെടുപ്പിലെ ഏകോപനമില്ലായ്മയും ചർച്ച ആയേക്കും.

പാർട്ടി സംസ്ഥാന പ്രഭാരി സി പി രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്യും. അതേസമയം, കൊടകര കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ്  കെ സുരേന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന്  ഹാജരാകില്ല. ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്നും എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇന്നലെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

കൊടകര കുഴല്‍പ്പണ കേസില്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം സുരേന്ദ്രന്‍റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച കാസര്‍കോട്ട് ബിജെപി സംസ്ഥാന നേതൃയോഗം ചേരുന്ന സാഹചര്യത്തില്‍  ഹാജരാകന്‍ സാധിച്ചേക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സ്വർണക്കടത്ത് കേസിൽ സിപിഎം നേതാക്കൾ പ്രതിരോധത്തിലായതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസിന് പിന്നിലെന്നായിരുന്നു സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. എപ്പോൾ ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. നോട്ടീസിൽ പറഞ്ഞ ദിവസം ഹാജരാകണമെന്ന് നിയമമില്ല. ചൊവ്വാഴ്ച സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രൻ ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് പറഞ്ഞത്.

click me!