ദില്ലി: ഹൈക്കമാന്‍ഡുമായുള്ള പുനഃസംഘടന ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിൽ. രാഷ്ട്രീയകാര്യ സമിതിയിൽ എടുത്ത തീരുമാനങ്ങൾക്ക് ഹൈക്കമാൻഡിന്‍റെ അനുമതി തേടാനാണ് അദ്ദേഹം ദില്ലിയിലെത്തിയത്. രണ്ട് ദിവസം ദില്ലിയിലുള്ള സുധാകരൻ രാഹുൽ ഗാന്ധി, എ കെ ആന്‍റണി, സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരെ കാണും.
ഡിസിസി പുനഃസംഘടന ആദ്യം നടത്താനാണ് നീക്കം. 14 ഡിസിസി പ്രസിഡന്‍റുമാരേയും മാറ്റും. ജനപ്രതിനിധികളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കില്ല. യുഡിഎഫ് കൺവീനർ സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകളും നടന്നേക്കും. 51 ഭാരവാഹികൾ മതിയെന്നാണ് കെപിസിസിയിലുണ്ടായ പുതിയ ധാരണ. ഒഴിവ് വന്ന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ നികത്തുക, മോശം പ്രകടനത്തിന്‍റെ പേരില്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ചിലരെ മാറ്റുക, സംസ്ഥാന നേതാക്കാളെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുക - ജനറല്‍സെക്രട്ടറി പദവിയില്‍ ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും മാറ്റം വരിക.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്‍പായി എഐസിസിയില്‍ അഴിച്ചു പണി ഉടനുണ്ടാകും. ഉമ്മന്‍ചാണ്ടി തുടരണോയെന്നതിലും, രമേശ് ചെന്നിത്തലയുടെ ഭാവിയിലും തീരുമാനമുണ്ടാകും. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിനാല്‍ പഞ്ചാബിന്‍റെ ചുമതലയില്‍ നിന്ന് ഹരീഷ് റാവത്തിനെ മാറ്റും. ഗുജറാത്ത് ചുമതലയുണ്ടായിരുന്ന രാജീവ് സത്വയുടെ മരണത്തോടെ ഒഴിവ് വന്ന തസ്തികയും നികത്തും.
ആന്ധ്രയുടെ ചുമതലയില്‍ നിന്ന് മാറാന്‍ സന്നദ്ധനല്ലെന്ന് പറയുമ്പോഴും, രമേശ് ചെന്നിത്തല ജനറൽ സെക്രട്ടറി പദവിയിലേക്ക് വന്നാല്‍ ഉമ്മന്‍ചാണ്ടി തുടരാനിടയില്ല. ചെന്നിത്തലക്ക് സംസ്ഥാനത്ത് മറ്റ് പദവികളില്ലാത്തതിനാല്‍ ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ചുമതല നല്‍കിയേക്കും. നിലവില്‍ രണ്ട് ജനറൽ സെക്രട്ടറിമാരുള്ളപ്പോള്‍ കേരളത്തിന് അമിത പ്രാധാന്യം നല്‍കുന്നതില്‍ ഉത്തരേന്ത്യന്‍ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.
അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഓഗസ്റ്റിന് മുന്‍പ് ജനറല്‍സെക്രട്ടറി പദവിയില്‍ അഴിച്ചു പണിയുണ്ടാകും. എന്നാല്‍, അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ലോക്സഭ കക്ഷി നേതൃസ്ഥാനത്ത് ആരെന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. ഗ്രൂപ്പ് 23 നേതാക്കളായ ശശി തരൂരിനെയോ, മനീഷ് തിവാരിയെയോ ആ പദവിയിലേക്ക് കൊണ്ടുവരുന്നതില്‍ ഒരു വിഭാഗത്തിന് താല്‍പര്യമില്ല. ഈ ചര്‍ച്ചകളോട് രാഹുല്‍ഗാന്ധി ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam