
തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്ന ബിജെപി നേതാവ് ഇ ശ്രീധരന്റെ (E Sreedharan) പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran). ശ്രീധരന്‍ ബിജെപിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടിക്ക് വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ്. അത് തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
രാഷ്ട്രീയക്കാരനെന്നതിലുപരി സാങ്കേതിക വിദഗ്ദനെന്ന നിലയിലാണ് അദ്ദേഹം ജനങ്ങളെ സേവിച്ചത്. ബിജെപിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സ്ഥാനാര്‍ത്ഥിയായത്. കെ റെയില്‍ വിഷയത്തില്‍ ഉള്‍പ്പടെ ശ്രീധരന്റെ അഭിപ്രായം കേട്ട ശേഷമാണ് ബിജെപി നിലപാട് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലാണ് ഇ ശ്രീധരന്‍ മത്സരിച്ചത്. ശക്തമായ ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനോടാണ് ശ്രീധരന്‍ തോറ്റത്.
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനെയാണ് സര്‍ക്കാര്‍ അഴിമതി ഓര്‍മ്മിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് നല്‍കിയ പണമാണ് സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിച്ചത്. മരുന്ന് വാങ്ങുന്നതിനും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുമുള്ള പണമാണ് മോഷ്ടിച്ചത്. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് വേണ്ടി വായ്ത്താരി പാടിയവര്‍ ഇപ്പോള്‍ എവിടെയാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ അഴിമതികള്‍ക്ക് മറുപടി പറയണമെന്നും എന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.