
തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ സംഭവം റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരളത്തിലെ സംഭവവികാസങ്ങളെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുക്കാനുള്ള കേരള പൊലീസിന്‍റെ തീരുമാനം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചൂണ്ടികാട്ടി. സർക്കാരിനും സി പി എമ്മിനുമെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് സമീപനമാണ് പിണറായി വിജയൻ കൈക്കൊള്ളുന്നതെന്നും ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറുകയാണ് പൊലീസെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
സുരേന്ദ്രന്‍റെ പ്രതികരണം
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരളത്തിലെ സംഭവവികാസങ്ങൾ.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ സംഭവം റിപ്പോർട്ട് ചെയ്ത കൊച്ചിയിലെ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുക്കാനുള്ള കേരള പൊലീസിൻ്റെ തീരുമാനം മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറുകയാണ് പൊലീസ്. സർക്കാരിനും സി പി എമ്മിനുമെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് സമീപനമാണ് പിണറായി വിജയൻ കൈക്കൊള്ളുന്നത്. കുട്ടിസഖാക്കൾക്ക് കേരളത്തിൽ എന്തുമാവാമെന്നാണ് സി പി എം കരുതുന്നതെങ്കിൽ അത് അനുവദിച്ചു തരാൻ ബി ജെ പി ഒരുക്കമല്ല. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന തരത്തിലുള്ള ഇടത് സർക്കാരിന്‍റെ ഈ ജനാധിപത്യവിരുദ്ധതക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam