കേന്ദ്ര പ്രഖ്യാപനങ്ങള്‍ സാധാരണക്കാരെ പ്രതിസന്ധിയില്‍ നിന്നും കരയകയറ്റും: കെ സുരേന്ദ്രന്‍

By Web TeamFirst Published May 14, 2020, 7:00 PM IST
Highlights

കുടിയേറ്റതൊഴിലാളികള്‍ക്ക് ഭവനപദ്ധതിയും സൗജന്യ ഭക്ഷ്യ ധാന്യവും നല്‍കി കൊറോണക്കാലത്ത് ദുരിതത്തിലായ വലിയ സമൂഹത്തിന് കൈത്താങ്ങാകുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: വഴിയോര കച്ചവടക്കാരെയും കുടിയേറ്റതൊഴിലാളികളെയും ആദിവാസി ജനവിഭാഗത്തെയും കര്‍ഷകരെയുമടക്കം സാധാരണക്കാരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്ന പദ്ധതികളാണ് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ പ്രഖ്യാപനങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുടിയേറ്റതൊഴിലാളികള്‍ക്ക് ഭവനപദ്ധതിയും സൗജന്യ ഭക്ഷ്യ ധാന്യവും നല്‍കി കൊറോണക്കാലത്ത് ദുരിതത്തിലായ വലിയ സമൂഹത്തിന് കൈത്താങ്ങാകുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 6000 കോടി നല്‍കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. 

തൊഴില്‍, ഭവനനിര്‍മ്മാണ, കാര്‍ഷിക മേഖലയുടെ സമഗ്ര ഉത്തേജനത്തിന് കരുത്തേകുന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി പാക്കേജിലെ രണ്ടാം ഘട്ട പ്രഖ്യാപനങ്ങള്‍. വഴിയോര കച്ചവടക്കാര്‍ക്ക് വായ്പനല്‍കാനുള്ള തീരുമാനം ദാരിദ്ര്യമനുഭവിക്കുന്ന സാധാരണക്കാരെ ഏറെ സഹായിക്കുന്നതാണ്. ഓരോ വഴിയോര കച്ചവടക്കാരനും പ്രവര്‍ത്തന മൂലധനമായി കേന്ദ്ര സര്‍ക്കാര്‍ 10,000 രൂപ വീതം നല്‍കും. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ മുപ്പതിനായിരം കോടിയാണ് നീക്കിവച്ചിരിക്കുന്നത്. രണ്ടര ലക്ഷം കര്‍ഷകരെ കൂടി കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ അവര്‍ക്കെല്ലാം വായ്പലഭ്യമാകാനുള്ള വഴിതെളിയുന്നു. കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി മുപ്പതിനായിരം കോടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

ഭവനനിര്‍മ്മാണ മേഖലയെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനുള്ള പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 70,000 കോടിയുടെ പുതിയ നിക്ഷേപമാണ് ഭവനനിര്‍മ്മാണ മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത്. ഭവനനിര്‍മ്മാണ സബ്‌സിഡിയുടെ കാലാവധി ഒരു വര്‍ഷം നീട്ടിയിട്ടുമുണ്ട്. രാജ്യത്തെ എല്ലാ തൊഴില്‍ മേഖലയിലും മിനിമം വേതനം ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വേതനത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് തീരുമാനം. 

കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ രാജ്യത്തെ എല്ലാ മേഖലകളുടെയും സമഗ്ര ഉയര്‍ത്തെഴുന്നേല്‍പ്പിന് സഹായകരമായ പ്രഖ്യാപനങ്ങളാണ് 20ലക്ഷം കോടിയുടെ പാക്കേജിന്റെ രണ്ടാം ഘട്ടത്തില്‍ ധനമന്ത്രി നടത്തിയിരിക്കുന്നത്. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ  ജനങ്ങളോടുള്ള പ്രതിബദ്ധതയാണിതിലൂടെ വ്യക്തമാകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

click me!