ഇഡിയെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ

By Web TeamFirst Published Nov 5, 2020, 3:49 PM IST
Highlights

വാളയാറിലെ ഉൾപ്പെടെ നീതി നിഷേധിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങൾ സംസ്ഥാനത്തുണ്ടായിട്ടും ഇടപെടാത്ത ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ വീട്ടിൽ നടന്ന നിർണായക റെയിഡ് മുടക്കാൻ പറന്നെത്തിയത് അപഹാസ്യമാണെന്നും സുരേന്ദ്രന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയിഡ് നടത്തി മടങ്ങവേ എൻഫോഴ്സ്മെന്‍റ് ഉദ്യോ​ഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. ബാലാവകാശ കമ്മീഷനെയും പൊലീസിനെയും ഉപയോ​ഗിച്ച് ദേശീയ അന്വേഷണ ഏജൻസികളുടെ ജോലി തടസപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ നീക്കം ജനാധിപത്യവിരുദ്ധവും ഫെഡറൽ വ്യവസ്ഥയുടെ ലംഘനവുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

വാളയാറിലെ ഉൾപ്പെടെ നീതി നിഷേധിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങൾ സംസ്ഥാനത്തുണ്ടായിട്ടും ഇടപെടാത്ത ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ വീട്ടിൽ നടന്ന നിർണായക റെയിഡ് മുടക്കാൻ പറന്നെത്തിയത് അപഹാസ്യമാണ്. കോഴിക്കോട് ഇന്നും ആറ് വയസുള്ള കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ കുട്ടികൾക്ക് നേരെ തുടർച്ചയായ അതിക്രമങ്ങളാണുണ്ടാകുന്നത്. ഇതിലൊന്നും പ്രതികരിക്കാത്ത ബാലാവകാശ കമ്മീഷൻ പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങിയപ്പോൾ നടക്കുന്ന അന്വേഷണം തടസപ്പെടുത്താൻ ഓടിയെത്തിയത് പ്രതിഷേധാർഹമാണ്. 

കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ മുഴുവൻ ദുരുപയോ​ഗം ചെയ്യുകയാണ്. ബിനീഷ് കോടിയേരിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം നിലപാട് അവരുടെ അണികൾക്ക് പോലും അം​ഗീകരിക്കാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയതിന്‍റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ നാടകമാണ് കോടിയേരിയുടെ വീട്ടിൽ നടന്നത്. എകെജി സെന്‍ററിന്‍റെ നിർദ്ദേശം അനുസരിച്ചാണ് കോടിയേരിയുടെ വീട്ടിലുള്ളവരും പുറത്തുള്ള ബന്ധുക്കളും പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!