കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകുന്നു. വിമാനം നാളെ രാവിലെ 9 മണിയിലേക്ക് പുനർക്രമീകരിച്ചതിനെ തുടർന്ന്, ഉടനടി പകരം സംവിധാനം ആവശ്യപ്പെട്ട് യാത്രക്കാർ ശക്തമായി പ്രതിഷേധിക്കുകയാണ്
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നതിനെത്തുടർന്ന് യാത്രക്കാരുടെ ശക്തമായ പ്രതിഷേധം. ഇന്ന് വൈകീട്ട് 4:30 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് വൈകുന്നത്. തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം താഴെയിറക്കുകയായിരുന്നു. മണിക്കൂറുകൾ പിന്നിട്ടിട്ടും യാത്ര സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകാത്തതിനെത്തുടർന്നാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പകരം സംവിധാനം ഉടൻ ഒരുക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. എന്നാൽ വിമാനം നാളെ രാവിലെ ഒൻപത് മണിക്ക് പുറപ്പെടുന്ന രീതിയിൽ പുനർക്രമീകരിച്ചതായാണ് വിമാനത്താവള അധികൃതർ പറയുന്നത്.

യാത്രക്കാർക്ക് ആശങ്ക
വിമാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം വേണ്ടിവരുമെന്നതിനാലാണ് യാത്ര മാറ്റിവെച്ചതെന്നാണ് വിവരം. വിമാനം വൈകുന്നത് മൂലം കുവൈറ്റിലെ ജോലിസ്ഥലങ്ങളിലും മറ്റും കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിന്റെ ആശങ്കയിലാണ് പല യാത്രക്കാരും. നാളെ രാവിലത്തേക്ക് പറ്റില്ലെന്നും പകരം സംവിധാനം എത്രയും വേഗത്തിൽ സജ്ജമാക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ അധികൃതർ ഒരുക്കുമോ എന്നത് കണ്ടറിയണം. എന്തായാലും പ്രതിഷേധം കടുപ്പിക്കുമെന്നും പിന്നോട്ടില്ലെന്നുമുള്ള നിലപാടിലാണ് യാത്രക്കാർ.


