
തിരുവനന്തപുരം:രാജ്യത്തെ പോപ്പുലർ ഫ്രണ്ടിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീൻവാലി എൻഐഎ കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം മറ്റ് സംസ്ഥാനങ്ങളൊക്കെ അവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയപ്പോൾ കേരളത്തിൽ അത് സംരക്ഷിക്കുകയായിരുന്നു പിണറായി സർക്കാർ ചെയ്തത്. കേരള പൊലീസ് പോപ്പുലർ ഫ്രണ്ടിനെതിരെ മൃദുസമീപനം കൈക്കൊണ്ടത് സിപിഎമ്മിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു. ഇന്ത്യയിലെ ഭീകരവാദ പ്രവർത്തനങ്ങളുടെ ഹെഡ്ക്വോർട്ടേഴ്സ് ആയ ഗ്രീൻവാലി പൊലീസ് സീൽ ചെയ്യാതിരുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയ താത്പര്യം കൊണ്ടായിരുന്നു. എന്നാൽ ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുന്ന കേന്ദ്രസർക്കാർ കർശന നടപടിയെടുത്തതോടെ പോപ്പുലർ ഫ്രണ്ടിനും അവരെ സംരക്ഷിക്കുന്നവർക്കും തിരിച്ചടിയുണ്ടായിരിക്കുകയാണ്.
പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയ എൻഐഎ നടപടിയെ ബിജെപി സ്വാഗതം ചെയ്യുന്നു. ഭരണപക്ഷത്തെ പോലെ തന്നെ പോപ്പുലർ ഫ്രണ്ട് അനുകൂല നിലപാടാണ് പ്രതിപക്ഷവും സ്വീകരിക്കുന്നത്. മുസ്ലിംലീഗ് പോപ്പുലർ ഫ്രണ്ട് അണികളെ പരസ്യമായി സ്വാഗതം ചെയ്തിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് പറഞ്ഞതിനേക്കാൾ വലിയ അപരമത വിദ്വേഷവും തീവ്രവാദവുമാണ് ലീഗുകാർ പരസ്യമായി പറയുന്നത്. സിപിഎമ്മിലെ മതമൗലികവാദികൾ അതിന് ശക്തി പകരുകയാണ്. സ്പീക്കർ എഎൻ ഷംസീറിന്റെ ഹുന്ദുവിരുദ്ധ പരാമർശത്തെ സിപിഎം പിന്തുണയ്ക്കുന്നത് പോപ്പുലർ ഫ്രണ്ട് കേഡർമാരെയും മുസ്ലിം വോട്ടും ലക്ഷ്യം വെച്ചാണെന്ന് വ്യക്തമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam