Latest Videos

'പിണറായി വിജയൻ അഴിമതിയുടെ രാജാവ്'; കത്ത് വിവാദത്തിൽ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് സുരേന്ദ്രൻ

By Web TeamFirst Published Nov 10, 2022, 1:18 PM IST
Highlights

അഴിമതി നടത്താനാണ് ഒരു ജൂനിയർ നേതാവിനെ മേയറാക്കിയതെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, ആര്യ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. അഴിമതിയുടെ രാജാവാണ് പിണറായി വിജയനെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. 

തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. നായ്ക്കളുടെ വന്ധ്യകരണത്തിൽ പോലും തിരുവനന്തപുരം നഗരസഭ പണം അടിച്ചു മാറ്റുന്നുവെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതി നടത്താനാണ് ഒരു ജൂനിയർ നേതാവിനെ മേയറാക്കിയതെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, ആര്യ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. അഴിമതിയുടെ രാജാവാണ് പിണറായി വിജയനെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. 

അതേസമയം, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് എതിരായ സമരത്തിൽ ഇന്നും തലസ്ഥാന നഗരം യുദ്ധക്കളമായി. യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഏറെനേരമായി കോർപറേഷൻ ഓഫീസിന് മുന്നിൽ തെരുവ് യുദ്ധം തുടരുകയാണ്. നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ച പൊലീസ് 
യുവമോർച്ചക്കാർക്ക് നേരെ ലാത്തിചാര്‍ജും നടത്തി. കോൺഗ്രസ് പ്രവർത്തകരും രാവിലെ മുതൽ പ്രതിഷേധ സമരത്തിലാണ്. ജെബി മേത്തർ എംപി അടക്കമുള്ളവർക്ക് പരിക്കേറ്റു. പൊലീസ് നിർദാക്ഷിണ്യം പ്രവർത്തകർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതിഷേധിച്ച കോൺഗ്രസ് ബിജെപി പ്രവർത്തകർ ആരോപിച്ചു. 

കത്ത് വിവാദത്തിൽ നാലാം ദിവസമാണ് പ്രതിഷേധമിരമ്പിയത്. ആദ്യം യൂത്ത് കോൺഗ്രസിന്റെയും പിന്നീട് മഹിളാ കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഇന്ന് പ്രതിഷേധിച്ചത്. പിന്നീട് യുവമോർച്ച പ്രവർത്തകർ കൂടി പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. കോർപ്പറേഷൻ ഗേറ്റിന് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും യുവമോർച്ച പ്രവർത്തകരിൽ ചിലർ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയിലേക്ക് എത്തിയത്. ഇതോടെ പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും പ്രയോഗിച്ചു. 

click me!