'ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനായി ഒന്ന് കയ്യടിക്കൂ'; ആഹ്വാനവുമായി കെ സുരേന്ദ്രന്‍

By Web TeamFirst Published Mar 22, 2020, 1:26 PM IST
Highlights

സ്വന്തം ജീവനുവരെ അപകടം സംഭവിച്ചേക്കാമെന്നറിഞ്ഞിട്ടും നമ്മുടെ ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് ബാധിതരെ എത്ര സ്‌നേഹത്തോടെയും കരുതലോടെയുമാണ് പരിചരിക്കുന്നതെന്ന് നാം ഓര്‍മ്മിക്കാറുണ്ടേയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
 

തിരുവനന്തപുരം:  കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ എല്ലാം മറന്ന് സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി കയ്യടിക്കണമെന്ന ആഹ്വാനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വന്തം ജീവനുവരെ അപകടം സംഭവിച്ചേക്കാമെന്നറിഞ്ഞിട്ടും നമ്മുടെ ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് ബാധിതരെ എത്ര സ്‌നേഹത്തോടെയും കരുതലോടെയുമാണ് പരിചരിക്കുന്നതെന്ന് നാം ഓര്‍മ്മിക്കാറുണ്ടേയെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ ചോദിച്ചു.

അവര്‍ക്കും കുഞ്ഞുങ്ങളും പ്രായമായ ബന്ധുക്കളും ഉണ്ടാവില്ലേ? വ്യക്തിപരമായി ഒന്നും ചെയ്തുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും നമുക്കെല്ലാം ഒന്നിച്ചു നിന്ന് അഞ്ചുനിമിഷം അവരെ ഓര്‍ത്തുകൂടെ? ആദരിക്കാനായി ഒന്നു കയ്യടിച്ചുകൂടെ?

പരിഹസിക്കാനും ട്രോളാനും വേറെ ആയിരം വിഷയങ്ങള്‍ തെരഞ്ഞെടുത്തുകൂടെയെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് എല്ലാവരും സ്വന്തം വീടിന്റെ ഉമ്മറത്തുവന്നുനിന്ന് അവരെ ഓര്‍ക്കണമെന്നും ആദരിക്കണമെന്നും കയ്യടിച്ചു പ്രോത്സാഹിപ്പിക്കണമെന്നും ആഹ്വാനം ചെയ്താണ് സുരേന്ദ്രന്റെ കുറിപ്പ് അവസാനിക്കുന്നത്.

കൊവിഡ് 19 വൈറസ് ബാധയ്‌ക്കെതിരെ സേവനം ചെയ്യുന്നവര്‍ക്കായി കയ്യടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം ആഹ്വാനം ചെയ്തത്. രാജ്യത്തെ മഹാമാരിയില്‍ നിന്ന് രക്ഷിക്കാനായി ആശുപത്രികളിലും എയര്‍പ്പോര്‍ട്ടുകളിലുമെല്ലാം ആളുകള്‍ അഹോരാത്രം ജോലി ചെയ്യുകയാണെന്നും ഇവരെ അഭിനന്ദിക്കാനായി ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് എല്ലാവരും വീടിന്റെ വാതില്‍ പടയിലോ, ജനാലയ്ക്കരികിലോ, ബാല്‍ക്കണിയിലോ നിന്ന് കൈകള്‍ കൊട്ടുകയോ, പാത്രങ്ങളിലടിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
 

click me!