മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു; സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Sep 30, 2020, 1:24 PM IST
Highlights

ബാബറി മസ്ജിദ് തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ.

തിരുവനന്തപുരം: ബാബറി മസ്ജിദ് കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്ന് സുരേന്ദ്രൻ പറഞ്ഞു. തർക്കമന്ദിരത്തിൻ്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണം. എൽ കെ അദ്വാനി ഉൾപ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയപാർട്ടികളുടെ മുഖംമൂടി അഴിഞ്ഞ് വീണു. ബാബറി മസ്ജിദ് തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബാബറി മസ്ജിദ് കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു കൊണ്ടായിരുന്നു ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി. ആസൂത്രണം നടന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. ബാബറി മസ്ജിദ് തകര്‍ത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തതിട്ടല്ല  പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. പള്ളി തകർത്തത് ആകസ്മികം ആയിരുന്നുവെന്നും ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നും കോടതി കണ്ടെത്തി. സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിച്ചത്.

Also Read: ബാബറി മസ്ജിദ് കേസ് ; എല്ലാ പ്രതികളെയും വെറുതെ വിട്ടു, തകര്‍ത്തത് ആസൂത്രിതമല്ലെന്ന് കോടതി

click me!