കെ-സ്വിഫ്റ്റ് : 'ജീവനക്കാരുടെ പരിചയക്കുറവും തിരിച്ചടി', മാനേജ്മെന്റിനെതിരെ ഇടത് എംപ്ളോയീസ് യൂണിയൻ

By Web TeamFirst Published Apr 15, 2022, 12:10 PM IST
Highlights

ജീവനക്കാരുടെ പരിചയക്കുറവാണെന്ന് ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിന് കാരണമെന്നാണ് ഇടത് എംപ്ലോയീസ് യൂണിയൻ അഭിപ്രായപ്പെടുന്നത്. 

തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയാണ് ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ (KSRTC) പുതിയ സംരഭമായ കെ- സ്വിഫ്റ്റ് (K Swift) സർവ്വീസ് ആരംഭിച്ചത്. എന്നാൽ അപകടങ്ങൾ ആവർത്തിച്ചതോടെ 'സിഫ്റ്റ്' തുടക്കത്തിൽ തന്നെ കല്ലുകടിച്ചു. ഡ്രൈവർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതാണ് സിഫ്റ്റ് സർവ്വീസുകൾ നടത്തുന്നത്. ഇവരുടെ പരിചയക്കുറവാണെന്ന് ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിന് കാരണമെന്നാണ് ഇടത് അനുകൂല എംപ്ലോയീസ് യൂണിയൻ അഭിപ്രായപ്പെടുന്നത്. പരിചയമില്ലാത്ത കരാർ ജീവനക്കാർക്ക് പകരം കെഎസ്ആർടിസി ജീവനക്കാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്ന ചോദ്യവും എംപ്ലോയീസ് യൂണിയൻ ആവർത്തിച്ചുയർത്തുന്നു.

സിഫ്റ്റിലെ പ്രതിസന്ധിക്ക് മാനേജ്മെന്റും ഉത്തരവാദിയാണെന്നും അപകടങ്ങളിൽ അന്വേഷണം വേണമെന്നും സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയൻ ആവർത്തിച്ചു. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളം വൈകുന്നതിൽ എംഡിയെ മാറ്റിയത് കൊണ്ട് മാറ്റമുണ്ടാകണമെന്നില്ല. മാനേജ്മെന്റിന്റെ നയമാണ് മാറേണ്ടതെന്നും സർക്കാർ പ്രഖ്യാപിച്ച റീ സ്ട്രക്ചർ നടപ്പാക്കുന്നതിൽ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്നും യൂണിയൻ കൂട്ടിച്ചേർത്തു. 

കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ സംരഭമായ കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ എട്ടാം വളവിലെ പാർശ്വഭിത്തിയിൽ ബസിടിച്ചാണ് അപകടമുണ്ടായത്. താമരശേരി ചുരത്തിലെ ആറാം വളവിൽ ഇന്നലെ തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു.

കുന്നംകുളം അപകടം: പരസ്വാമിയുടെ കൈയ്യിലെ വടി വാനിൽ തട്ടിയതാണ് കാരണമെന്ന് ഡ്രൈവർ

കുന്നംകുളത്ത് വഴി യാത്രക്കാരൻ പിക്ക് അപ്പ് വാനും കെ സ്വിഫ്റ്റ് ബസും ഇടിച്ച് മരിച്ച സംഭവത്തിന് കാരണം, യാത്രക്കാരന്റെ കൈയ്യിലുണ്ടായിരുന്ന വടി വാനിൽ തട്ടിയതാണെന്ന് പിക്ക് അപ്പ് വാന്റെ ഡ്രൈവർ മൊഴി നൽകി. അപകടത്തിൽ മരിച്ച പരസ്വാമി റോഡിലേക്ക് വീണപ്പോൾ പിക്ക് അപ് വാൻ നിർത്തി. പരസ്വാമിയുടെ അടുത്ത് ചെല്ലുമ്പോഴേക്കും കെ സ്വിഫ്റ്റ് ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അമിത വേഗത്തിലാണ് കെ സ്വിഫ്റ്റ് എത്തിയതെന്നുമാണ് ഇയാൾ നൽകുന്ന മൊഴി. 

അപകടവുമായി ബന്ധപ്പെട്ട് ബസിന്റെ ഡ്രൈവർ വിനോദിനെയും പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബസ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോഡിൽ വീണുകിടന്നയാളെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അപകടം ഉണ്ടായത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. ബസ് നിർത്താതെ പോയത് അതിനാലാണെന്നും ഡ്രൈവർ വിശദീകരിക്കുന്നു. 

തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെ സ്വിഫ്റ്റ് ബസ്. കുന്നംകുളം മലായ ജംഗ്ഷനില്‍ വെച്ച് പുലര്‍ച്ചെ 5.30 തിനാണ് അപകടമുണ്ടായത്. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ പരസ്വാമിയെ, അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചത്.

പിന്നീട് പൊലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ ബസ് ഇടിക്കുന്നതിന് മുമ്പ് മറ്റൊരു പിക്കപ്പ് വാൻ പരസ്വാമിയെ ഇടിച്ചതായി വ്യക്തമായി. ഈ അപകടത്തിൽ റോഡിലേക്ക് വീണ പരസ്വാമിയുടെ കാലുകളിലൂടെ തൊട്ടു പിറകെയെത്തിയ സ്വിഫ്റ്റ് ബസിൻറെ പിറകിലെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ബസിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇത് അപകടം നടന്ന വിവരം അറിയാതിരുന്നതിനാലാണെന്ന് ഡ്രൈവർ വിശദീകരിക്കുന്നു. അപടകമുണ്ടാക്കിയ പിക്കപ്പ് വാൻ തൃശൂര്‍ വെള്ളറക്കാട് സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വാനും സ്വിഫ്റ്റും അമിതവേഗത്തിലാണ് പോയിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ നൽകിയ വിവരം. പരസ്വാമിയുടെ മരണത്തിന് ഇരുവാഹനങ്ങളും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ  നിഗമനം. 

 

 

click me!