ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കണമെന്ന് സിറോ മലബാർ സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോട്ടയത്ത് നടന്ന സമ്മേളനത്തിൽ, അടുത്ത സർക്കാരിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ആവശ്യം

കൊച്ചി: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് സിറോ മലബാർ സഭ സമ്മേളനത്തിൽ പ്രമേയം. കോട്ടയത്തു നടന്ന സമുദായ ശാക്തീകരണ വർഷാചരണ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് റിപ്പോർട്ട് പൂർണ്ണമായും പ്രസിദ്ധീകരിക്കണം. റിപ്പോർട്ട് പ്രസിദ്ധീകരിച്ചില്ലെങ്കിൽ മുന്നണികൾ അധികാരത്തിലെത്തിയാലെടുക്കുന്ന സമീപനം പ്രഖ്യാപിക്കണം. വരാനിരിക്കുന്ന സർക്കാരിൽ മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കണം. ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ സ്ഥാനം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ നൽകണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ ആനുകൂല്യങ്ങൾ ജനസംഖ്യ അനുപാധികമായി നൽകണം. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് സർക്കാരുകൾ ഉറപ്പുവരുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അധ്യാപക നിയമനത്തിൽ സർക്കാർ അനാവശ്യ ഇടപെടൽ നടത്തുന്നതും ഒഴിവാക്കണമെന്നും പ്രമേയത്തിൽ പറയുന്നു.