'കെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകനായി,ശമ്പളം വൈകിപ്പിച്ച് ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുന്നു'

Published : Apr 07, 2023, 05:12 PM IST
'കെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകനായി,ശമ്പളം വൈകിപ്പിച്ച് ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുന്നു'

Synopsis

സര്‍ക്കാരിന്‍റേയും മാനേജ്‌മെന്‍റിന്‍റേയും  കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ 

തിരുവനന്തപുരം:സ്വിഫ്റ്റ് കമ്പനിയെ പരിപോഷിച്ച് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ വിധിക്കുന്നത് ദയാവധമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.കുറ്റപ്പെടുത്തി.സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാദ്ധ്യതയില്ലെന്ന സര്‍ക്കാര്‍ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണ്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ അശാസ്ത്രീയമായ  നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ദ്രോഹിക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യം. 17.5 ശതമാനം ബസുകളും കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് നടത്തുന്നില്ല. പ്രായോഗികമല്ലാത്ത ഡ്യൂട്ടി പാറ്റേണാണ് ഇപ്പോഴും നിലവിലുള്ളത്.സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ നടത്താന്‍ ഓരോ വര്‍ഷവും ചുരുങ്ങിയത് 1000 ബസ്സുകളെങ്കിലും പുതുതായി വേണം.കോടികള്‍ വിലയുള്ള കെ.എസ്.ആര്‍.ടി.സിയുടെ  ആസ്തികള്‍ പലതും സിപിഎം നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്.ഈ തലതിരഞ്ഞ നടപടികള്‍ കെ.എസ്.ആര്‍.ടി.സിയുടെ ശവക്കുഴിതോണ്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സുധാകരന്‍ പറഞ്ഞു.

സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയുടെ അന്തകനായിമാറി.സര്‍വീസ് നടത്താന്‍ ബസ്സുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ദേശസാത്കൃതറൂട്ടുകള്‍ മുഴുവന്‍ സ്വകാര്യവത്കരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്  42000 ജീവനക്കാരുണ്ടായിരുന്നപ്പോഴും ശമ്പളം മുടങ്ങാതെ നല്‍കുകയും 2752 പുതിയ ബസ്സുകള്‍ നിരത്തിലിറക്കുകയും 5350 ഷെഡ്യൂളുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് 26000 ജീവനക്കാര്‍ മാത്രമാണുള്ളത്. ഇനിയത് 18000 മാത്രം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇത് സ്വിഫ്റ്റ് കമ്പനിയെ സഹായിക്കാനാണ്. ഷെഡ്യൂകള്‍ ഗണ്യമായി വെട്ടിക്കുറച്ചതും പുതിയ ബസ്സുകള്‍ നിരത്തിലിറങ്ങാത്തതും ജീവനക്കാരെയും കെ.എസ്.ആര്‍.ടിസിയെയും അതിനെ ആശ്രയിക്കുന്ന പൊതുജനങ്ങളെയും ഒരുപോലെ ബാധിച്ചു.  പുതിയ ബസ്സുകള്‍ സ്വിഫ്റ്റ് കമ്പനിയുടെ പേരില്‍  ഇറക്കുന്നതിനാല്‍ 15 വര്‍ഷം കാലവധി കഴിഞ്ഞ ബസ്സുകള്‍ പൊളിക്കേണ്ടിവരുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍വീസ് നടത്താന്‍ ബസ്സില്ലാത്ത സാഹചര്യം ഉണ്ടാകും. ഇപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സിക്ക്  ഗ്രാമപ്രദേശങ്ങളിലെ പല റൂട്ടുകളിലേക്കും  സര്‍വീസ് നടത്താന്‍ ബസ്സില്ലെന്നതാണ് യാഥാര്‍ത്ഥ്യം.  1000 ലേറെ ബസ്സുകള്‍ ഇതിനകം പൊളിച്ചുനീക്കി. ഇതുവഴി ഇതിലെ ജീവനക്കാര്‍ ജോലിയില്ലതായെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ ശമ്പളം കൃത്യമായി വിതരണം ചെയ്യാതെ പ്രതിഷേധിക്കുന്ന ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണ്. എല്ലാ മാസം 5 തീയതി ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാരാണ് ഇപ്പോള്‍ കൈമലര്‍ത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം  പ്രതിമാസം ശരാശരി 200 കോടിക്ക് മുകളിലാണ്.കഴിഞ്ഞ മാസം മാത്രം അത് 230 കോടിയാണ്.ശമ്പളം വിതരണം ചെയ്യാന്‍ വെറും 80 കോടി രൂപയും   ഡീസലിന് മറ്റുമായി 90 കോടി രൂപയും മതി. ഇതിന് പുറമെയാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി നല്‍കുന്ന 50 കോടി. ഇത്രയേറെ വരുമാനം ഉണ്ടായിട്ടും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാതെ അവരെ ദ്രോഹിക്കുന്ന നടപടിയെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല.  ശമ്പളം നല്‍കാതെ മറ്റുചെലവുകള്‍ക്കായി തുക വഴിമാറ്റുകയാണ് മാനേജ്‌മെന്റ്. കെ.എസ്.ആര്‍.ടി.സിയുടെ പ്ലാന്‍ഫണ്ട് ഉപയോഗിച്ച് പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയെ പരിപോഷിക്കുകയാണ് സര്‍ക്കാര്‍. സിപിഎം അനുഭാവികളെ ജോലിക്ക് തിരുകി കയ്യറ്റാനുള്ള കുറുക്കുവഴിയാണ് സ്വിഫ്റ്റ് കമ്പനിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നത്. കെ.എസ്.ആര്‍.ടി.സിയെ നശിപ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളി, കോടതിയിലേറ്റത് കനത്ത പ്രഹരം, ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്
മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു