
കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്. കോടതി പരിസരത്തും വൻ സുരക്ഷയാണ് പൊലീസൊരുക്കിയത്. പ്രതിയെ കോടതിയിൽ നിന്നും മാലൂർക്കുന്ന് എ ആർ ക്യാമ്പിൽ എത്തിക്കും. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽമീണ മാലൂർ ക്യാമ്പിലെത്തിച്ചേർന്നിട്ടുണ്ട്. അവിടെവെച്ചാകും ആദ്യം ചോദ്യംചെയ്യുക. അതിന് ശേഷം തെളിവെടുപ്പും നടത്തും.
ഇന്നലെ കരൾ സംബന്ധമായ അസുഖം കണ്ടതിനെത്തുടർന്നാണ് പരിശോധനക്കെത്തിച്ച ഷാറുഖിനെ മെഡിക്കൽ കോളേജിൽ അഡ് മിറ്റ് ചെയ്തത്. ബിലിറൂബിൻ അടക്കമുള്ള പരിശോധനകളിൽ അസ്വാഭാവികമായ കൗണ്ട് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. കൈയിൽ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഉത് ട്രെയിനിൽ നിന്നുള്ള വീഴ്ചയിൽ പറ്റിയതാണെന്നാണ് വിലയിരുത്തൽ. മുറിവുകൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കൺപോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്കാൻ എക്സ്റെ പരിശോധനകളിലും കുഴപ്പമില്ല.
ഉമിനിരും തൊലിയും മറ്റും രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ അതീവ സുരക്ഷയിലിരുക്കുന്ന പ്രതിയെ ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയുടെ ഒരു മാധ്യമപ്രവർത്തകന് കാണാനും ദൃശ്യങ്ങളെടുക്കാനും അവസരം നൽകിയത് വിവാദമായിട്ടുണ്ട്. ഇയാളെ വൈദ്യപരിശോധനനടക്കുന്ന സ്ഥലത്തും സെല്ലിലും സുരക്ഷാചട്ടങ്ങൾ ലംഘിച്ച് പ്രവേശിക്കാൻ അനുവദിച്ചു. ചട്ടലംഘനത്തെക്കുറിച്ച് ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും പ്രതികരിച്ചില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam