
തൃശ്ശൂർ: കുന്നംകുളം കെ സ്വിഫ്റ്റ് അപകടത്തിൽ ബസിന്റെ ഡ്രൈവർ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വഴിയാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ, ഇദ്ദേഹത്തെ ആദ്യം ഇടിച്ച പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനും അറസ്റ്റിലായി. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കേസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോഡിൽ വീണുകിടന്നയാളെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അപകടം ഉണ്ടായത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. ബസ് നിർത്താതെ പോയത് അതിനാലാണെന്നും ഡ്രൈവർ വിശദീകരിക്കുന്നു.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. കുന്നംകുളം മലായ ജംഗ്ഷനില്‍ വെച്ച് പുലര്‍ച്ചെ 5.30 തിനാണ് അപകടമുണ്ടായത്. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ പരസ്വാമിയെ, അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചത്.
പിന്നീട് പൊലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ ബസ് ഇടിക്കുന്നതിന് മുമ്പ് മറ്റൊരു പിക്കപ്പ് വാൻ പരസ്വാമിയെ ഇടിച്ചതായി വ്യക്തമായി. ഈ അപകടത്തിൽ റോഡിലേക്ക് വീണ പരസ്വാമിയുടെ കാലുകളിലൂടെ തൊട്ടു പിറകെയെത്തിയ സ്വിഫ്റ്റ് ബസിൻറെ പിറകിലെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ബസിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇത് അപകടം നടന്ന വിവരം അറിയാതിരുന്നതിനാലാണെന്ന് ഡ്രൈവർ വിശദീകരിക്കുന്നു.
അപടകമുണ്ടാക്കിയ പിക്കപ്പ് വാൻ തൃശൂര്‍ വെള്ളറക്കാട് സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വാനും സ്വിഫ്റ്റും അമിതവേഗത്തിലാണ് പോയിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ നൽകിയ വിവരം. പരസ്വാമിയുടെ മരണത്തിന് ഇരുവാഹനങ്ങളും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.