
തിരുവനന്തപുരം;സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ തള്ളിയും മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി പിന്തുണച്ചും മുന്‍ മന്ത്രി കെടി ജലീല്‍ വീണ്ടും രംഗത്ത്.ആരോപിതരായ എല്ലാവരേയും കേന്ദ്ര അന്വേഷണ ഏജൻസികൾ വിളിച്ച് വരുത്തി . സ്വർണം എവിടെ പോയി ആർക്ക് വേണ്ടി എങ്ങനെ എന്നെല്ലാം പറയേണ്ടത് അന്വേഷണ ഏജൻസികളാണ്. ഊഹാപോഹം പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ മേൽ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാകരുതെന്നും കെടി ജലീല്‍ പറഞ്ഞു
മുഖ്യമന്ത്രിയേയും കുടുംബത്തേയും ബാക്കി എല്ലാവരേയും പുകമറയിൽ നിർത്താൻ ശ്രമിക്കുന്നു. സ്വത്തടക്കം എല്ലാം സൂക്ഷ്മ പരിശോധനക്ക് വിധേയമായതാണ്. ആർക്ക് വേണമെങ്കിലും പരിശോധിക്കാം.ഇഡി ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു.പൊതു പ്രവർത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ മോശക്കാരാക്കാനുള്ള ബിജെപി യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് ജലീൽ പറഞ്ഞു.
പ്രതി ആരോപിക്കും പോലെ ഏതെങ്കിലും ബന്ധം സ്വർണക്കടത്തുമായി ഉണ്ടായിരുന്നെങ്കിൽ എന്ന് അകത്തായി എന്ന് ചോദിച്ചാ പോരെ , അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരേക്കാളും അന്വേഷണ ഏജൻസികൾക്ക് അറിയാം .
ആയിരം കൊല്ലം അന്വേഷിച്ചാലും ഒന്നും കണ്ടെത്താനില്ല.
സ്വപ്നയും പിസി ജോർജ്ജും നട്ടാൽ കുരുക്കാത്ത നുണ പറയുന്നു.തന്നെ തീവ്രവാദിയെന്നാണ് പിസി ജോർജ്ജ് വിളിച്ചത് .എസ്ഡിപിഐയെ ആദ്യാവസാനം എതിർത്തതിൽ അഭിമാനിക്കുന്ന ആളാണ്.മതാനുഷ്ഠാനങ്ങൾ നിർവ്വഹിച്ച് ജീവിക്കുന്ന ആളാണ് താൻ. അതിനെയാണോ പിസി ജോർജ്ജ് ദുർവ്യാഖ്യാനം ചെയ്യുന്നത്.ആരുടേയും സർട്ടിഫിക്കറ്റിന് വേണ്ടി അത് മാറ്റാൻ ഉദ്ദേശിക്കുന്നില്ല.സ്വർണക്കേസിലെ പ്രതി എന്തിനാണ് കൈകാലിട്ടടിക്കുന്നത്. യുപി രജിസ്ട്രേഷൻ ഉള്ള വണ്ടിയിൽ ഭീഷണിപ്പെടുത്താൻ ആര് വന്നു എന്ന് അന്വേഷിക്കട്ടെ.ആയിരം കൊല്ലം അന്വേഷിച്ചാലും ഒന്നും കണ്ടെത്താനില്ല. ഒരു പൈസ അനധികൃതമായി സമ്പാദിച്ചതിന് ഫൈനടക്കാൻ പോലും കഴിയില്ല.മുപ്പത് വർഷത്തെ അക്കൗണ്ടാണ് പരിശോധിച്ചത്. ശമ്പളമല്ലാതെ ഒരു പൈസയും ഒരാളും അയച്ചിട്ടില്ല.ഇത് കണ്ട് ഇഡി തന്നെ ഞെട്ടി.കോടികളുടെ അനധികൃത സമ്പാദ്യം ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതിയത്.
കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്.മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല. ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതിലും നല്ലത് തന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതാകും നല്ലത്.ആരെങ്കിലും എന്തെങ്ക്ലും പറയുന്നത് അതേ പടി മാധ്യമങ്ങൾ പ്രസിദ്ധികരിക്കരുത്. സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ ജനങ്ങളിലേക്ക് എത്തിക്കാവുയെന്നും ജലീല്‍ ആവശ്യപ്പെട്ടു
'പിണറായി ഏറ്റവും വലിയ ഭീരു, കേസുകൾ പ്രതിഷേധാർഹം' : കെ സുരേന്ദ്രൻ
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കറൻസി കടത്ത് ആരോപണമുന്നയിച്ച സ്വപ്ന സുരേഷിനെതിരെയും പിസി ജോർജിനെതിരെയും കേസെടുക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യ മൊഴിയായി നൽകിയ കാര്യങ്ങളിലാണ് അന്വേഷണം വേണ്ടത്. ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹം എല്ലാവരേയും ഭയക്കുന്നു. ആരോപണമുന്നയിച്ചവർക്കെതിരെ അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന പൊലീസ് നടപടിയാണുണ്ടായത്. ഇത് വടക്കൻ കൊറിയ അല്ല കേരളമാണെന്ന് ഓർമ്മിക്കണം. ആർഎസ്എസിനെതിരെയും ബിജെപിക്കെതിരെയുമാണ് ഇപ്പോൾ ആരോപണം വരുന്നത്. ആർഎസ്എസിന്റെ ഗൂഢാലോചനയാണെങ്കിൽ പിസി ജോർജിന്റെയും സ്വപ്നയുടെയും പേരിൽ കേസെടുക്കുന്നതെന്തിനാണ് എന്നും സുരേന്ദ്രൻ ചോദിച്ചു