
മലപ്പുറം: മത വൈര്യത്തിന്‍റെ വിത്ത് പാകാൻ ഭരണകൂടം ശ്രമിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരിക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞില്ലെന്നും കെ ടി ജലീൽ വിമര്‍ശിച്ചു. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് സംസാരിക്കുകയായിരുന്നു കെ ടി ജലീൽ.
മുത്തലാക് ബിൽ പാസാക്കി കൊണ്ട് മതം അടിസ്ഥാനത്തിലുള്ള വിവേചനം നടപ്പിലാക്കി. മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമാണ് എന്ന് പറയുന്നത് പോലും ദേശവിരുദ്ധമായി കണക്കാക്കുന്ന കാലമാണ് ഇത്. രാജ്യം വെട്ടിമുറിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി. ചിലർക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാൻ ബിജെപി നേതാക്കൾ ഇറങ്ങുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് മാപ്പ് എഴുതി നൽകിയാൽ മക്കത്ത് താമസിക്കാം എന്ന് പറഞ്ഞു. അതിനേക്കാൾ എനിക്കിഷ്ടം പിറന്ന മണ്ണിൽ വെടിയേറ്റ് മരിച്ച് വീഴുന്നതാണ് എന്നാണ് ബ്രിട്ടീഷുകാരോട് അദ്ദേഹം പറഞ്ഞത്. ബിജെപി നേതാക്കളോടും തനിക്ക് പറയാനുള്ളത് അതാണെന്ന് കെ ടി ജലീൽ കൂട്ടിച്ചേര്‍ത്തു.
Also Read: 'ആസാദ് കശ്മീർ' പരാമർശം: പ്രതിഷേധം കടുത്തു, വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ.ടി.ജലീൽ
അതേസമയം, സ്വതന്ത്ര്യ ഇന്ത്യയുടെ ദേശീയ പതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആര്‍എസ്എസെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. പയ്യന്നൂരിൽ കെ കേളപ്പനൊപ്പം ഉപ്പ് കുറുക്കിയവരിൽ ഒരാൾ പി കൃഷ്ണപ്പിള്ളയാണ്. ആര്‍എസ്എസിന് കൊടി പിടിക്കുന്ന നിലപാടാണ് കോൺഗ്രസിന്‍റേതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാതന്ത്ര്യ സമരത്തിൽ പങ്കില്ലെന്ന് ആര്‍എസ്എസിനൊപ്പം കോൺഗ്രസും പറയുന്നു. പാലക്കാട്ടെ ഷാജഹാന്‍റെ കൊലപാതകത്തെ കുറിച്ച് ഒന്നും മിണ്ടാൻ യുഡിഎഫ് തയ്യാറായില്ല. ഒന്നാം കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചത് പോലെ രണ്ടാം പിണറായി സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam