Asianet News MalayalamAsianet News Malayalam

'ആസാദ് കശ്മീർ' പരാമർശം: പ്രതിഷേധം കടുത്തു, വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ.ടി.ജലീൽ

ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതായി ജലീൽ

K T Jaleel withdraws controversial Face book post over amid protest
Author
Kozhikode, First Published Aug 13, 2022, 4:46 PM IST

കോഴിക്കോട്: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ. പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നാണ് കെ.ടി.ജലീലിന്റെ വിശദീകരണം. 

കെ.ടി.ജലീലിന്റെ വിശദീകരണത്തിലേക്ക്

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ  ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയിൽ പെട്ടു.  ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം  ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു. 

'ആസാദ് കശ്മീർ' പരാമർശത്തിൽ ജലീൽ ഒറ്റപ്പെടുന്നു; രാജ്യദ്രോഹ പരാമർശമെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി

'ആസാദ് കശ്മീർ' പരാമ‍ർശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കെ.ടി.ജലീൽ ഫേസ്ബുക്ക് കുറിപ്പ് പിൻവലിക്കാൻ നിർബന്ധിതനായത്. മുന്‍ മന്ത്രി നടത്തിയത് രാജ്യദ്രോഹപരമായ പരാമർശമാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി കുറ്റപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും ജലീലിനെ വിമർശിച്ച് രംഗത്തെത്തി. പരാമർശം വിവാദമായതോടെ താൻ ഇൻവെർട്ട‍ഡ് കോമയിൽ നൽകിയ ആസാദ് കശ്മീ‍ർ പരാമർശം വിമർശകർക്ക് മനസ്സിലായില്ലെന്ന് സഹതപിച്ച് ജലീലിന്റെ വിശദീകരണം എത്തി. ജലീലിന്റെ പരാമർശങ്ങളെ മന്ത്രിമാരായ പി.രാജീവും എം.വി.ഗോവിന്ദനും പിന്തുണയ്ക്കാൻ തയ്യാറായിരുന്നില്ല.

'ആസാദ് കശ്മീര്‍' പരാമര്‍ശം, കെ ടി ജലീലിനെതിരെ ദില്ലിയില്‍ പരാതി

ഇതിനിടെ 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കെ.ടി.ജലീലിനെതിരെ ദില്ലി പൊലീസില്‍ പരാതി എത്തി. തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി എത്തിയത്. അഭിഭാഷകൻ ജി.എസ്.മണിയാണ് പരാതി നൽകിയത്. കശ്മീ‍ർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ.ടി.ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങളാണ് പരാതിക്ക് ആധാരം.

' പാക്കധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്‍റെ മറ്റൊരു  പരാമർശം. എന്നാൽ ' പഷ്തൂണു' കളെ ഉപയോഗിച്ച് കശ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. കശ്മീർ പൂർണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാ കാലത്തെയും നിലപാട്. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്‍ധർ പ്രതികരിച്ചിരുന്നു.  

Follow Us:
Download App:
  • android
  • ios