
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വീണ്ടും കെ വി തോമസ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നാണ് കെ വി തോമസ് പറയുന്നത്. തനിക്ക് അനധികൃത സ്വത്തുണ്ടായെന്ന് എപ്പോൾ കണ്ടു പിടിച്ചുവെന്നും നാല് അന്വേഷണത്തിൽ കണ്ടെത്താത്ത കാര്യം സുധാകരൻ എങ്ങനെ കണ്ടെത്തിയെന്നുമാണ് കെ വി തോമസ് ചോദിക്കുന്നത്. തനിക്ക് സോണിയാ ഗാന്ധിയുടെ പിന്തുണയുണ്ടെന്നും, നടപടി എന്തായാലും കോൺഗ്രസിൽ തുടരുമെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെവി തോമസ് പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സുധാകരനല്ല കോൺഗ്രസ് എന്ന് കെ വി തോമസ് ഓർമ്മപ്പെടുത്തുന്നു. സിപിഎമ്മിൽ ചേരാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെവി തോമസിനെതിരായ അച്ചടക്കനടപടി വേണമെന്ന കെപിസിസി ശുപാർശ അച്ചടക്കസമിതിക്ക് വിട്ടിരിക്കുകയാണ് എഐസിസി. അച്ചടക്കസമിതി തോമസിൽ നിന്നും വിശദീകരണം തേടിയതിന് പിന്നാലെ നടപടിയിലേക്ക് നീങ്ങും. പിണറായി സ്തുതിയോടെ തോമസിനോട് മൃദുസമീപനം എടുത്തവരടക്കം സംസ്ഥാനത്തെ മുഴുവൻ നേതാക്കളും നടപടി എന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ്.
കെ സുധാകരൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്നും സുധാകരൻ ഇപ്പോഴാണ് കോൺഗ്രസ്സായതെന്നും കെവി തോോമസ് കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു. പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം വേദിയിലെത്തി പിണറായിയെ പുകഴ്ത്തി കെ റെയിലിനെ പിന്തുണച്ച തോമസും കോൺഗ്രസ്സും തമ്മിലെ ബന്ധം തീരാൻ ഇനി സാങ്കേതിക നടപടി ക്രമം മാത്രമേ ബാക്കിയുള്ളൂവെന്നാണ് സ്ഥിതി. വിലക്കിലും അച്ചടക്ക നടപടിയിലും കെപിസിസിയുടെ നിലപാടിനൊപ്പമാണ് ഹൈക്കമാൻഡ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൻറെ ഭാഗമായാണ് കെപിസിസി ശുപാർശ അച്ചടക്ക സമിതിക്ക് വിട്ടത്. എ കെ ആൻ്റണി അധ്യക്ഷനായ സമിതി ഉടനെ യോഗം ചേരുന്നതും സംസ്ഥാന ഘടകത്തിന്റെ പൊതുവികാരം കണക്കിലെടുത്താണ്.
തോമസിനോടുള്ള സമീപനത്തിൽ സംസ്ഥാനത്തെ ചില നേതാക്കൾക്ക് കെപിസിസിയുടെ പിടിവാശിയിൽ നേരത്തെ എതിർപ്പുണ്ടായിരുന്നു. എന്നാൽ സെമിനാറിലെ കെ വി തോമസിന്‍റെ പ്രസംഗത്തോടെ മൃദുസമീപനം എടുത്ത കെ മുരളീധരൻ അടക്കം എല്ലാ നേതാക്കളും ഉടൻ കടുത്ത നടപടി എന്ന നിലയിലേക്ക് മാറി. കെപിസിസി കടുപ്പിക്കുമ്പോൾ കെ സുധാകരനെ വീണ്ടും വെല്ലുവിളിക്കുകയാണ് തോമസ്. അച്ചടക്കസമിതിയിൽ നിന്നും ആശ്വാസകരമായ എന്തെങ്കിലും തോമസ് പ്രതീക്ഷിക്കുന്നില്ല. പ്രസംഗം തീർന്ന ഉടൻ ഇനി തോമസ് പുറത്തായിരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ചിരുന്നു . സാവകാശമെടുത്താലും കെപിസിസി വികാരം ഉൾക്കൊണ്ട് തന്നെയാകും ദില്ലി തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam