
കൊച്ചി: വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിന്‍റെ ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി കെ വി തോമസ്. വെണ്ണലയിലെ ക്ഷേത്രത്തില്‍ പോയത് നന്ദകുമാര്‍ വിളിച്ചിട്ടല്ല. പല ക്ഷേത്രങ്ങളില്‍ നിന്നും തനിക്ക് ക്ഷണം കിട്ടാറുണ്ട്. ഇ പി വരുമെന്ന കാര്യം തനിക്ക് മുന്‍കൂട്ടി അറിയാമായിരുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു. ഇറങ്ങാന്‍ നേരത്താണ് ഇ പി ജയരാജന്‍ എത്തിയത്. എന്തിനാണ് ഇ പി വന്നതെന്ന് അദ്ദേഹത്തിനാണ് പറയാന്‍ കഴിയുക. ഒരുപാട് വിഐപികള്‍ വരുന്ന ക്ഷേത്രമാണ് വെണ്ണലയിലേതെന്നും കെ വി തോമസ് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന പ്രതിരോധ ജാഥയിൽ എൽഡിഎഫ് കൺവീനറിന്‍റെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു. ഇതിനിടെയാണ് നന്ദകുമാറുമായി ബന്ധപ്പെട്ട കൊച്ചിയിലെ സ്വകാര്യ ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുത്തത്. നന്ദകുമാർ ദേവസ്വം ട്രസ്റ്റ് ചെയർമാനായ ക്ഷേത്രത്തിൽ അദ്ദേഹത്തിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലാണ് ജാഥ സ്വന്തം ജില്ലയിലെത്തിയ കഴിഞ്ഞ ചൊവ്വാഴ്ച ഇ പി എത്തിയത്. യാദൃശ്ചികമായാണ് താൻ ക്ഷേത്രത്തിലെത്തിയതെന്ന് ഇ പി പ്രതികരിച്ചപ്പോൾ ജാഥ തുടങ്ങുന്നതിന് മുൻപേ ഞായറാഴ്ച്ചയാണ് ഇ പി എത്തിയതെന്നാണ് നന്ദകുമാറിന്‍റെ വാദം.