എറണാകുളത്തെ പകരക്കാരനാകാന്‍ കെ വി തോമസ്

By Web TeamFirst Published Jun 12, 2019, 6:47 AM IST
Highlights

പാർട്ടിക്കായി അധ്വാനിക്കാൻ ഇപ്പോഴും കഴിയുന്നയാളാണ് താനെന്ന് കെ.വി. തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എറണാകുളം: ഹൈബി ഈഡന്‍ ഒഴിഞ്ഞ എറണാകുളം നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കം ശക്തമാക്കി കെ വി തോമസ്. പാർട്ടിക്കായി അധ്വാനിക്കാൻ ഇപ്പോഴും കഴിയുന്നയാളാണ് താനെന്ന് കെ.വി. തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എറണാകുളം ലോക്സഭാ സീറ്റ് തന്നെ തഴഞ്ഞ് ഹൈബി ഈഡന് നല്കിയതിൽ കെവി തോമസ് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇടഞ്ഞു നിന്ന കെ വി തോമസിന് പാര്‍ട്ടി പകരം പദവി വാഗ്ദാനം ചെയ്തിരുന്നു. ഒഴിവുവന്ന എറണാകുളം നിയമസഭാ സീറ്റില്‍ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് കെ.വി. തോമസിന്‍റെ പുതിയ നീക്കം.

ദില്ലിയിലെത്തിയ കെ വി തോമസ് മുതിര്‍ന്ന നേതാക്കളെ കണ്ട് താത്പര്യമറിയിച്ചെന്നാണ് സൂചന. ഹൈക്കമാന്‍റിന്‍റെ പിന്തുണയും തോമസ് പ്രതീക്ഷിക്കുന്നു. മുതിര്‍ന്ന നേതാക്കളെ സൈബര്‍ ഇടങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ഒടുവിലത്തെ ആക്രമണമാണ് എ.കെ. ആന്‍റണിക്കെതിരെ ഉണ്ടായതെന്നും കെ.വി. തോമസ് പറഞ്ഞു.

ലാലി വിന്‍സെന്‍റും കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറും ഡിസിസി അധ്യക്ഷനുമായ ടി ജെ വിനോദുമാണ് എറണാകുളം നിയമസഭാ സീറ്റില്‍ കണ്ണുള്ളവര്‍. കൊച്ചി കോര്‍പ്പറേഷന്‍ ചെറിയ ഭൂരിപക്ഷത്തിന് ഭരിക്കുന്ന കോണ്‍ഗ്രസിന് വിനോദ് രാജിവയ്ക്കുന്ന വാര്‍ഡില്‍ മത്സരം നേരിടേണ്ടി വരും. ഇത് മുൻകൂട്ടി കണ്ടു കൂടിയാണ് കെവി തോമസിൻറെ നീക്കം. 


 

click me!