
പാലക്കാട് : മഹാരാജാസ് കോളേജ് വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബർ വിദഗ്ദ്ധൻ ഉടൻ ഫോൺ പരിശോധിക്കും. ഈ രീതിയിൽ ഡിലീറ്റ് ചെയ്ത രേഖകളെല്ലാം വീണ്ടെടുക്കാൻ സാധിക്കും. മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്ന് വിദ്യ ആവർത്തിക്കുമ്പോഴും അവരുടെ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ചില സൂചനകൾ പൊലീസിന് ലഭിച്ചത്. ഫോണിൽ തന്നെയായിരിക്കാം ഫോട്ടോ ഷോപ്പിലൂടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് പൊലീസി്നറെ സംശയം. എന്നാൽ ഇതെല്ലാം ഫോണിൽ നിന്ന് കളഞ്ഞതായി കണ്ടെത്തി. സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു. അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ, ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്ന മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യയെ വിശദമായി ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാൽ അതിനു തൊട്ടു മുമ്പാണ് വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെതെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് കസ്റ്റഡിയിലുള്ള വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോട്ടത്തറ ആശുപത്രിയിലാണ് വിദ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കാത്തതിനാൽ വിദ്യയ്ക്ക് നിർജലീകരണമുണ്ട്. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിദ്യയുള്ളത്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. നാളെ തന്നെയാണ് ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. ഇതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അതേ സമയം, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സി പി എമ്മും എസ് എഫ് ഐ യും വിദ്യയെ തള്ളി പറഞ്ഞെങ്കിലും ഒളിത്താവളം ഒരുക്കിയത് സിപിഎമ്മിൻ്റെ സജീവ പ്രവർത്തകരെന്ന് കണ്ടെത്തിയിരുന്നു. കൂട്ടുകാരിയ്ക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യയുടെ ഒളിയിടം പൊലീസ് കണ്ടെത്തിയത്. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള നാല് ദിവസം മുമ്പെടുത്ത സെൽഫി കണ്ടെത്തിയത്. ഒളിവിൽ വിദ്യ വിവരങ്ങൾ അറിഞ്ഞത് സുഹൃത്തിന്റെ ഫോണിലൂടെയാണ്. ഇതിനായി സുഹൃത്ത് പുതിയ സിം കാർഡ് എടുത്തിരുന്നു. ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതൊക്കെയാണെങ്കിലും വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ് ഉദ്ദേശിക്കുന്നില്ല. നിലവിൽ കേസെടുക്കേണ്ട സാഹചര്യമില്ലെനന്നാണ് അഗളി പൊലീസ് പറയുന്നത്. എന്നാൽ ഒളിവിൽ പോയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കിൽ ഹാജരാകുമായിരുന്നു. മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ച് തനിക്കെതിരെ നടന്നത് വൻ ഗൂഢാലോചനയാണെന്നാണ് വിദ്യ മൊഴി നൽകിയിരിക്കുന്നത്.
വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ പൊലീസ് അന്വേഷിച്ചോട്ടെ: എംവി ഗോവിന്ദൻ
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം