
കാഞ്ഞങ്ങാട്: വ്യാജരേഖ ഹാജരാക്കി താത്കാലിക അധ്യാപക ജോലി നേടിയ സംഭവത്തിൽ കെ വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.
വ്യാജരേഖാ കേസിൽ വിദ്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസിൽ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് വിദ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. ഇന്ന് രാവിലെയാണ് വിദ്യ ചോദ്യം ചെയ്യലിനായി നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. നാളെയും മറ്റന്നാളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വിദ്യ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കരിന്തളം ഗവൺമെൻറ് കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയെന്ന കേസിലാണ് പൊലീസ് നടപടി. മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായി പ്രവർത്തിച്ചുവെന്ന വ്യാജരേഖയാണ് കേസിന് ആധാരം. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് വിദ്യയെ ചോദ്യം ചെയ്തത്. അട്ടപ്പാടി കോളേജിലെ സമാന കേസിൽ അഗളി പോലീസിന് നൽകിയ മൊഴി വിദ്യ ചോദ്യം ചെയ്യലിൽ ആവർത്തിച്ചു.
വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിലാണെന്നും മറ്റാരുടെയും സഹായം കിട്ടിയില്ലെന്നുമാണ് വിദ്യയുടെ മൊഴിയെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. സർട്ടിഫിക്കറ്റിന്റെ അസ്സൽ നശിപ്പിച്ചുവെന്നും വിദ്യ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർഡ് ഡോ ജയ്സണെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കോടതിയിൽ കുറ്റങ്ങളെല്ലാം വിദ്യ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam