
പാലക്കാട്:മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റന്നാൾ വിദ്യയുടെ ജാമ്യാപേക്ഷമണ്ണാർക്കാട് കോടതി പരിഗണിക്കും. അതേസമയം വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവർത്തിച്ചു.പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ല. ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി ഗവൺമെന്‍റ് കോളേജ് പ്രിൻസിപ്പൽ ആണെന്നും വിദ്യ പോലീസിനോട് പറഞ്ഞു.
എന്നാൽ വിദ്യ പലപ്പോളായി നൽകിയത് പരസ്പരവിരുദ്ധമായ മൊഴികൾ. മഹാരാജാസ് കോളേജൽ അധ്യാപികയായി 20മാസം പ്രവർത്തിച്ചുവെന്ന ബയോഡാറ്റയിൽ രേഖപെടുത്തിയത് താൻ തന്നേയാണെന്നും അവർ സമ്മതിച്ചു. എന്നാൽ കോളേജിന്‍റെ പേര്മാറി പോയെന്നാണ് ഇതിനു നൽകിയ വിശദീകരണം. മെഡിക്കൽ സംഘം അഗളി ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് വൈദ്യ പരിശോധന പൂർത്തിയാക്കിയത്. രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തെ കോടതിയിൽ പ്രതിഭാഗം എതിർത്തു. സുപ്രീംകോടതി മാനദണ്ഡങ്ങൾ പോലും കാറ്റിൽ പറത്തിയാണ് വിദ്യയുടെ അറസ്റ്റെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. 14ദിവസത്തേക്കാണ് വിദ്യയെ കോടതി റിമാൻറ് ചെയ്തത്. ഇതിനിടെ വിദ്യയെ കോടതിയിൽ എത്തിക്കുമ്പോൾ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധവും ഉണ്ടായി