
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ വിഡി സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്ന് സഭയ്ക്ക് അകത്തും പുറത്തും വിഡി സതീശൻ പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം സബ് കോടതിയിൽ കടകംപള്ളി സുരേന്ദ്രൻ ഹർജി നൽകിയിരുന്നു. അതിൽ വാദം നടന്നിരുന്നു. വാദത്തിനിടെയുണ്ടായ കാര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നിരുന്നു. പിന്നാലെ, ഈ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് പറഞ്ഞുകൊണ്ട് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ രാജഗോപാൽ ഇന്ന് രാവിലെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ പോസ്റ്റ് കടകംപള്ളി സുരേന്ദ്രൻ റീപോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷം വിഡി സതീശൻ വീണ്ടും ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണങ്ങൾക്കുള്ള തെളിവ് നൽകാൻ വെല്ലുവിളിച്ചുകൊണ്ട് കടകംപള്ളി സുരേന്ദൻ പോസ്റ്റ് പങ്കുവെച്ചത്.
കടകംപള്ളി സുരേന്ദ്രന് എതിരായ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കടകംപള്ളിക്ക് എതിരെ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. സ്വർണപ്പാളി ആർക്കാണ് കൊടുത്തത് എന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കണം എന്നാണ് പറഞ്ഞത്. ദേവസ്വം ബോർഡ് അംഗങ്ങൾ ചെയ്തത് കടകംപള്ളി അറിയാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam