'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് ഇതുവരെ കഴിഞ്ഞിട്ടില്ല'; എസ്ഐടി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി കടകംപള്ളി

Published : Dec 31, 2025, 08:55 PM IST
Kadakampally Surendran

Synopsis

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ എസ്ഐടി ചോദ്യം ചെയ്തതിന് പിന്നാലെ വിശദീകരണവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരോപണങ്ങൾ നിഷേധിക്കുകയും, 84 ദിവസമായിട്ടും ഒരു തെളിവുപോലും ഹാജരാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിൽ ഹാജരായതിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കുകയാണെന്നും കടകംപള്ളി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. പുറത്തുവന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. 

കഴിഞ്ഞ ശനിയാഴ്ചയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത്. ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ലെന്നും പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യമായിട്ടല്ല, പരസ്യമായിട്ടാണ് വന്നത്. ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തിൽ ഞാൻ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ ഹൃദയ വിശാലത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ടെന്ന ആരോപണവും അദ്ദേഹം തള്ളി. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ അതും പുറത്തുവിടാൻ കടകംപള്ളി വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽമണ്ഡലത്തിൽ വീട് വെച്ചു കൊടുത്തു എന്ന ആരോപണവും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകാൻ എനിക്ക് കഴിഞ്ഞു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ അതിൽ ഒന്നുപോലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ നിർമ്മിച്ചതല്ലെന്നും മുൻമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അന്വേഷണ സംഘത്തിന് മുന്നിൽ ഞാൻ മൊഴി നൽകിയ വിവരം അറിയാൻ വൈകിയതിൻ്റെ പരിഭ്രമത്തിലാവണം ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നത്. ഇതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്, എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കാം.

കഴിഞ്ഞ ശനിയാഴ്ചയാണ് ഞാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത്. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്. എം.എൽ.എ ബോർഡ് വെച്ച, ഞാൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് ഞാൻ അവിടെ എത്തിയതും, മൊഴി നൽകിയ ശേഷം എന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണ്.

ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തിൽ ഞാൻ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ നിങ്ങൾ ഹൃദയ വിശാലത കാണിക്കണം.

മറ്റൊരു ആരോപണം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ട് എന്നാണ്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ അതും നിങ്ങൾ പുറത്തുവിടൂ, ജനങ്ങൾ കാണട്ടെ.

ഇനി മാധ്യമങ്ങളുടെ അടുത്ത 'കണ്ടെത്തൽ', ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ഞാൻ മണ്ഡലത്തിൽ വീട് വെച്ചു കൊടുത്തു എന്നാണ്. എന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകാൻ എനിക്ക് കഴിഞ്ഞു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ അതിൽ ഒന്നുപോലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ നിർമ്മിച്ചതല്ല. ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള 'വലിയ മനസ്സെങ്കിലും' നിങ്ങൾ കാണിക്കണം.

അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.

Ps: സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കടകംപള്ളി സുരേന്ദ്രൻ

(എം.എൽ.എ, കഴക്കൂട്ടം)

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?
ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ അക്കൗണ്ട് കാലിയാക്കുന്ന സ്ക്രാച്ച് കാർഡ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്